ദില്ലി: സിപിഎം ജനറല്‍ സെക്രട്ടിറി സീതാ റാം യച്ചൂരിക്കെതിരെ ദില്ലി എകെജി ഭവനില്‍ നടത്തിയ കയ്യേറ്റ ശ്രമത്തിന് വിശദീകരണവുമായി ഹിന്ദു സേന. രാജ്യത്തിനെതിരെ ഒരു ചതിയനെ സംസാരിക്കാന്‍ അനുവദിക്കില്ലെന്നാണ് ഹിന്ദു സേന തലവന്‍ വിഷ്ണു ഗുപ്ത ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കിയത്. കശ്മീരില്‍ സൈന്യം യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടി വച്ചതിനെതിരെ യച്ചൂരി എഴുതിയ ലേഖനമാണ് പ്രതിഷേധത്തിന് കാരണമെന്നാണ് ഹിന്ദു സേന പറയുന്നത്.

ഫറൂഖ് അഹമ്മദ് ദര്‍ എന്ന യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിവച്ച മേജര്‍ ലീത്തുള്‍ ഗോഗോയ്‌ക്കെതിരെ രാജ്യവാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. സൈനിക നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് യെച്ചൂരിയും രംഗത്ത് വന്നിരുന്നു.

രാജ്യത്തനെതിരെ സംസാരിച്ച യെച്ചൂരി ചതിയനാണ് എന്നാണ് ഹിന്ദു സേനയുടെ നിലപാട്. ഇതില്‍ പ്രതിഷേധിച്ചാണ് എകെജി ഭവനില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പോലീസ് കസ്റ്റഡിയിലുള്ളത് ഉപേന്ദര്‍ കൗര്‍, പവന്‍ കൗള്‍ എന്നിവരാണെന്നും വിഷ്ണുഗുപ്ത വ്യക്തമാക്കി.