അഹമ്മദാബാദ്: ഇന്ത്യയുടെ ഉത്തരവാദിത്തം ഹിന്ദുക്കള്‍ക്കാണെന്നും അതിനായി ഹിന്ദുക്കള്‍ ഒരുമിക്കണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. യുപിയില്‍ 14 ജില്ലകളില്‍ നിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ യോഗം അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോഹന്‍ ഭാഗവതിന്‍റെ വിവാദ പരാമര്‍ശം.

ഹിന്ദു എന്ന നിലയില്‍ നമ്മള്‍ അഭിമാനിക്കണം. നമ്മള്‍ ഐക്യപ്പെടേണ്ടത് രാജ്യത്തിന്‍റെ ആവശ്യമാണ്. രാജ്യത്തിന് മോശമായി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്‍റെ ഉത്തരവാദിത്തം നമുക്ക് തന്നെയായിരിക്കും മോഹന്‍ ഭാഗവത് പറഞ്ഞു.

ഹിന്ദുക്കള്‍ എന്നും വൈവിധ്യങ്ങള്‍ ആഘോഷിക്കുന്നവരാണ്. ജാതിയുടെ പേരില്‍ നാം തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്നു. എന്നാല്‍ എല്ലാ ഹിന്ദുക്കളും സഹോദരീ സഹോദരന്‍മാരാണെന്ന നാം ഓര്‍ക്കണം. 

ഭാരത മാതാവില്‍ വിശ്വസിക്കുന്നവരും അവരുടെ സംസ്കാരത്തെ ഉള്‍ക്കൊള്ളുന്നവരും ഹിന്ദുക്കളാണ്. ഹിന്ദുവിലെ വിഭജനം ചിലര്‍ മുതലെടുക്കുകയാണ്. ആത്മാര്‍ത്ഥതയും സത്യവും അഹിംസയുമാണ് ഹിന്ദുത്വത്തിന്‍റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.