തിരുവനന്തപുരം: വനിതാ ബറ്റാലിയന്‍ കമാണ്ടന്‍റ് ആര്‍. നിശാന്തിനിക്കെതിരെ വകുപ്പുതല നടപടിക്ക് സര്‍ക്കാര്‍ ഉത്തരവ്. തൊടുപുഴ എഎസ്പിയായിരുന്നപ്പോള്‍ ബാങ്ക് മാനേജറെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡയില്‍ മര്‍ദ്ദിച്ചുവെന്ന പരാതിയെ കുറിച്ചാണ് വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ നടപടി ആരംഭിച്ചത്.

നിശാന്തിനി തൊടുപുഴ എഎസ്പിയായിരുന്നപ്പോള്‍ സ്ത്രീപീഡനം ആരോപിച്ചാണ് ബാങ്ക് മാനേജറായ പേഴ്‌സി ജോസഫ് ഡെസ്മണ്ടിനെ അറസ്റ്റ് ചെയ്യുന്നത്. ഈ കേസ് പിന്നീട് കോടതി റദ്ദാക്കി. കള്ളക്കേസില്‍ കുരുക്കുകയും കസ്റ്റഡയില്‍ മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് പേഴ്‌സിയുടെ പരാതിയില്‍ നേരത്തെ അന്വേഷണം നടന്നിരുന്നു. 

നിശാന്തിനിയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും നടപടിക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉത്തരവിറങ്ങുകയും ചെയ്തു. പിന്നീട് ആ ഉത്തരവ് മരവിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്ത പേഴ്‌സി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ നാലുമാസത്തിനകം തീര്‍പ്പുണ്ടാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. സംഭവത്തെ കുറിച്ച് എറണാകുളം റൂറല്‍ എസ്പിയായ എ.വി ജോര്‍ജ്ജാണ് അന്വേഷണം നടത്തി ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. 

മനുഷ്യാവകാശ കമ്മീഷണനും പൊലീസ് കംപ്ലെയിന്റ് അതോററ്റിയും പൊലീസുകാര്‍ക്കെതിരെ ശുപാര്‍ശ നല്‍കിയിരുന്നു. ഈ രിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് നിശാന്തിനിക്കെതിരെ വകുപ്പതല നടപടി ആരംഭിക്കാന്‍ ആഭ്യന്തരസെക്രട്ടറി ഉത്തരവിറക്കിയത്. വകുപ്പുതല നടപടികള്‍ക്ക് മുമ്പ് ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നിശാന്തിനിക്കെതിരായ ആരോപമങ്ങള്‍ പരിശോധിക്കും. നിശാന്തിനിക്കും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍നിലപാട് വ്യക്തമാക്കാന്‍ സാധിക്കും. അന്വേഷണ സമിതിയുടെ ശുപാര്‍ശയിലാകും ഐപിഎസ് ഉദ്യോഗസ്ഥക്കെതിരെ സര്‍ക്കാര്‍ അന്തിമതീരുമാനമെടുക്കുക.