ഹൈദരാബാദ്: ഹോം ഗാര്‍ഡുമാരുടെ കൃത്യസമയത്തെ ഇടപെടലില്‍ ബൈക്ക് യാത്രക്കാരന് തിരികെ കിട്ടിയത് ജീവിതം. തിരക്കേറിയ റോഡില്‍ ബൈക്ക് ഓടിക്കുന്ന ആളിന് ഹൃദയാഘാതം ഉണ്ടായാല്‍ അതിനെ എങ്ങനെ നേരിടാമെന്ന പെട്ടന്ന് ആരും ചിന്തിച്ചെന്ന് വരില്ല. ബൈക്ക് ഓടിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണയാള്‍ക്ക് ജീവിതം തിരിച്ച് നല്‍കി രണ്ട് ഹോം ഗാര്‍ഡുകളുടെ ഇടപെടല്‍. ഹൈദരാബാദ് നഗരത്തിലാണ് സംഭവം നടക്കുന്നത്. 

ഉച്ചയോടെ ദൂല്‍പേട്ടിനടുത്ത് വച്ചാണ് ബൈക്ക് യാത്രികന്‍ കുഴഞ്ഞ് വീണത്. സമീപത്തുണ്ടായിരുന്ന ചന്ദന്‍ സിംഗും, ഇനൈത്തുള്ള ഖാന്‍ കാദിരിയും ഇയാള്‍ക്ക് അടുത്തേയ്ക്ക് ഓടിയെത്തി. എന്ത് ചെയ്യണമെന്ന് ചിന്തിച്ച് അധിക സമയം കളയാതെ ഇയാള്‍ക്ക് സിപിആര്‍ നല്‍കിയതോടെയാണ് യാത്രികന്‍ ജീവിതത്തിലേയ്ക്ക് തിരികെയെത്തിയത്. 

തിരിക്കിട്ട് പോകുന്ന വാഹനങ്ങള്‍ക്കിടയില്‍ ജീവിതത്തില്‍ ആദ്യമായാണ് ഇത്ര വേഗത്തില്‍ ഓടിയതെന്ന് ഹോ ഗാര്‍ഡുകള്‍ പ്രതികരിക്കുന്നു. അനങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ബൈക്ക് യാത്രികനെന്നും ഇവര്‍ പറയുന്നു. പള്‍സ് പരിശോധിച്ചതോടെയാണ് ഹൃദയസ്തംഭനമാണെന്ന് മനസിലായത്, ട്രെയിനിംഗ് കാലത്ത് സിപിആര്‍ നല്‍കുന്നത് പരിശീലിച്ചിട്ടുണ്ടെങ്കിലും പ്രയോഗിക്കുന്നത് ആദ്യമായിട്ടാണെന്നും ഇവര്‍ പറയുന്നു. 

കുറച്ച് നേരത്തേയ്ക്ക് ഗതാഗതം തടസപ്പെട്ടെങ്കിലും സംഭവത്തിന്റെ ഗൗരവം മനസിലായതോടെ ആളുകള്‍ സഹകരിച്ചു. ഹോം ഗാര്‍ഡുകള്‍ സിപിആര്‍ നല്‍കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.