താമരശ്ശേരി ഡി.വൈ.എസ്.പി ഓഫീസിന് സമീപത്തെ ട്രാന്‍സ്‌ഫോമറിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഹോം ഗാര്‍ഡുകള്‍ ഹെല്‍മെറ്റില്ലാത്ത ബൈക്കുകള്‍ക്കു മുന്നിലേക്ക് കുതിച്ചെത്തുന്നു. ഇടതടവില്ലാതെ കടന്നു പോവുന്ന വാഹനങ്ങള്‍ക്കിടയിലൂടെയാണ് ബൈക്ക് യാത്രികരെ പിടികൂടാനുള്ള ഓട്ടം. പിടികിട്ടിയാല്‍ നടുറോഡില്‍ വെച്ച് ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കും. പിന്നെ ബൈക്ക് ട്രാഫിക് യൂണിറ്റിനു മുന്നിലേക്ക് തള്ളിനീക്കാന്‍ നിര്‍ദ്ദേശിക്കും. വയനാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ നിര്‍ത്തുന്ന ഇവിടെ ഗതാഗത കുരുക്ക് പതിവാണ്. ഇതിനിടയിലാണ് അപകടകരമായ തരത്തില്‍ ഹെല്‍മെറ്റ് പരിശോധന.

യാത്രക്കാരുടെയും നാട്ടുകാരുടെയും ജീവന് ഭീഷണിയാവുന്ന രീതിയില്‍ താമരശ്ശേരി പോലീസ് സ്‌റ്റേഷനുമുന്നില്‍ മുമ്പും ഹെല്‍മെറ്റ് വേട്ട ഉണ്ടായിരുന്നെങ്കിലും. മൂന്നു വര്‍ഷം മുമ്പ് റൂറല്‍ എസ്.പി ഇടപെട്ട് ഇത് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്കുമുമ്പാണ് വീണ്ടും ഹോംഗാര്‍ഡുകള്‍ പരിശോധന തുടങ്ങിയിരിക്കുന്നത്. അപകടകരമായ രീതിയിലുള്ള പരിശോധനക്കെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്.