മനോജ് മൂത്തേടൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. നിരവധി തവണ ചർച്ചകൾ നടന്നെങ്കിലും സീറ്റിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ ഹൈക്കമാൻഡിന് കഴിഞ്ഞിരുന്നില്ല. എന്നാൽ പട്ടിക വൈകുന്നതോടെയാണ് ആറു തർക്കമണ്ഡലങ്ങളിലൊന്നായ പെരുമ്പാവൂരിൽ സ്ഥാനാർഥിയെ തീരുമാനിച്ചത്.
ദില്ലി: തർക്ക മണ്ഡലമായ പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎയായ എൽദോസ് കുന്നപ്പള്ളിക്ക് സീറ്റ് നിഷേധിച്ച് കോൺഗ്രസ്. മനോജ് മൂത്തേടൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. എൽദോസിനായി നിരവധി തവണ ചർച്ചകൾ നടന്നെങ്കിലും സീറ്റിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ ഹൈക്കമാൻഡിന് കഴിഞ്ഞിരുന്നില്ല. എന്നാൽ പട്ടിക വൈകുന്നതോടെയാണ് ആറു തർക്കമണ്ഡലങ്ങളിലൊന്നായ പെരുമ്പാവൂരിൽ സ്ഥാനാർഥിയെ തീരുമാനിച്ച് പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് മുന്നോട്ട് വന്നത്. ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പാനലിൽ നിന്നാണ് മനോജ് മൂത്തേടനിലേക്ക് ഹൈക്കമാൻഡ് എത്തിയത്. കേസിൻ്റെ പശ്ചാത്തലത്തിലാണ് എൽദോസിനെ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്തിയത്.
താൻ പ്രതീക്ഷയോടെയാണ് എപ്പോഴും ജീവിക്കുന്നതെന്നും പെരുമ്പാവൂരിൽ യുഡിഎഫിനായി ആര് മത്സരിച്ചാലും ജയിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചിരുന്നു. പ്രചാരണം ഒരു വർഷം മുൻപേ തുടങ്ങിയിട്ടുണ്ട്. യുഡിഎഫിനായി പ്രചാരണം നടത്തുമെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. സ്ഥാനാർഥി ചർച്ചയുമായി ബന്ധപ്പെട്ട് ദില്ലിയിലെത്തിയ എൽദോസ് ഇന്നലെ രാത്രിയോടെ മടങ്ങിയിരുന്നു.
തർക്കം നിലനിൽക്കുന്ന സീറ്റുകളിൽ സ്ഥാനാർഥികളെ തീരുമാനിച്ച് കോൺഗ്രസ്
അനിശ്ചിതത്വങ്ങൾക്കൊടുവിൽ തർക്കം നിലനിൽക്കുന്ന സീറ്റുകളിൽ സ്ഥാനാർഥികളെ തീരുമാനിച്ച് കോൺഗ്രസ്. തർക്കം രൂക്ഷമായിരുന്ന കണ്ണൂരിൽ മുൻ മേയർ ടി ഒ മോഹനനും കോന്നിയിൽ സതീഷ് കൊച്ചു പറമ്പിലും മത്സരിക്കുമെന്നാണ് വിവരം. രണ്ടാംഘട്ട പട്ടിക പത്തുമണിയോടെ പ്രഖ്യാപിക്കും. നേമത്ത് ശബരീനാഥനും, ആറന്മുളയിൽ അബിൻ വർക്കിയും സ്ഥാനാർഥിയാവും. വാമനപുരം- സുധീർ ഷാ പാലോട്, നെയ്യാറ്റിൻകര -എൻ ശക്തൻ, റാന്നി -പഴകുളം മധു, ഇടുക്കി- റോയ് കെ പൗലോസ്, ഏറ്റുമാനൂർ- നാട്ടകം സുരേഷ് എന്നിങ്ങനെയാണ് നിർദേശങ്ങൾ. അതേസമയം, അഞ്ചു മണ്ഡലങ്ങളിൽ ഒറ്റപ്പേരിലെത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ഉദുമയിലും പട്ടാമ്പിയിലും ചടയമംഗലത്തും തർക്കം തുടരുകയാണ്.
കെ സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർക്ക് ആർക്കും സീറ്റ് നൽകേണ്ടെന്നായിരുന്നു കോൺഗ്രസിലെ തീരുമാനം. മാരത്തോൺ ചർച്ചയ്ക്കൊടുവിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കടുത്ത നിലപാടെടുത്തതോടെ സുധാകരന്‍റെ സമ്മർദ്ദ തന്ത്രം പാളി. പെരുമ്പാവൂർ സീറ്റുൾപ്പെടെ ആറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടു.
കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മത്സരിക്കും. മുഴുവൻ സ്ഥാനാർത്ഥികളേയും ഇന്ന് പ്രഖ്യാപിക്കുമെന്നും ടിക്കറ്റ് കിട്ടാത്തവരുടെ വിഷമം മാറ്റുമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. തർക്ക സീറ്റുകളിലെ തീരുമാനം ഹൈക്കമാൻഡിന് വിട്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന മാരത്തോൺ ചർച്ച വെളുപ്പിന് 2.15 നാണ് അവസാനിച്ചത്. എംപിമാർ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ചർച്ചക്ക് ശേഷം പ്രതികരിച്ചു.



