കേന്ദ്രസര്‍ക്കാരിനെ നാണംകെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ 'അവിശ്വസിനീയ ചിത്രം'. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉപയോഗിച്ച ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥാപിച്ചിരിക്കുന്ന ഫ്ളഡ് ലൈറ്റുകള്‍ തെളിഞ്ഞു നില്‍ക്കുന്നതിന്റെ രാത്രികാല ചിത്രമാണ് നാണക്കേടായിരിക്കുന്നത്. 

'അവിശ്വസനീയമായ ചിത്രം' എന്ന തലക്കെട്ടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉപയോഗിച്ച ചിത്രം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ ആകെ നാണംകെടുത്തിയിരിക്കുകയാണ്. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥാപിച്ചിരിക്കുന്ന ഫ്ളഡ് ലൈറ്റുകള്‍ തെളിഞ്ഞു നില്‍ക്കുന്നതിന്റെ രാത്രികാല ചിത്രമാണ് നാണക്കേടായിരിക്കുന്നത്. ഈ ചിത്രം ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലേതല്ല, സ്പെയിന്‍-മൊറോക്കോ അതിര്‍ത്തിയിലേതാണ്. ഏതോ വെബ്സൈറ്റില്‍ നിന്നും എടുത്ത് ചേര്‍ത്ത ചിത്രം വിവാദമായിരിക്കുകയാണ്്.

ചിത്രം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആഭ്യന്തരമന്ത്രാലായം. ഇതുസംബന്ധിച്ച് ബിഎസ്ഫ് അധികൃതരോടു വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം സെക്രട്ടറി രാജീവ് മെഹര്‍ഷി പറഞ്ഞു. മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുവന്ന അബദ്ധമാണെങ്കില്‍ ഞങ്ങള്‍ മാപ്പ് ചോദിക്കുമെന്നും മെഹര്‍ഷി പറഞ്ഞു. ചിത്രം എങ്ങനെ വന്നുവെന്ന് ബിഎസ്എഫ് അധികൃതര്‍ വിശദീകരിക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയം പറയുന്നത്. 

2006 ല്‍ സ്പാനിഷ് ഫോട്ടോഗ്രഫറായ സാവിയേര്‍ മോയാനോ പകര്‍ത്തിയ ചിത്രമാണ് ഇന്ത്യന്‍ ആഭ്യന്ത്രമന്ത്രാലയം ഇന്ത്യന്‍ അതിര്‍ത്തിയിലേതെന്നു പറഞ്ഞു നല്‍കിയിരിക്കുന്നതെന്ന് altnews.in റിപ്പോര്‍ട്ട് ചെയ്യുന്നു. ആഫ്രിക്കയുടെ വടക്കന്‍ തീരത്ത് സ്പെയിന്‍ അധിനിവേശത്തിലുള്ള മെലീയയില്‍ മൊറോക്കോയുമായി അതിര്‍ത്തി പങ്കിടുന്നിടത്ത് സ്പെയിന്‍ നിര്‍മിച്ചിരിക്കുന്ന മെലീയ അതിര്‍ത്തി വേലിയില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ളെഡ് ലൈറ്റുകള്‍ തെളിഞ്ഞുകിടക്കുന്ന ചിത്രമാണ് മോയാനോ പകര്‍ത്തിയത്.