തിരുവനന്തപുരം: പരവൂര്‍ ദുരന്തം സംബന്ധിച്ചു ഡിജിപിയോടു വീണ്ടും വിശദീകരണം തേടിയതില്‍ ആഭ്യന്തര സെക്രട്ടറിക്ക് അതൃപ്തി. പൊലീസിനു വീഴ്ചപറ്റിയെന്നായിരുന്നു ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ വീണ്ടും ഡിജിപിയില്‍നിന്നു വിശദീകരണം തേടുകയായിരുന്നു.

പരവൂര്‍ ദുരന്തം സംബന്ധിച്ച് ഏതൊക്കെ ഉദ്യോഗസ്ഥര്‍ക്കു വീഴ്ച പറ്റി, ആര്‍ക്കൊക്കെ എതിരെ നടപടി വേണം തുടങ്ങിയ ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ടാണ് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാറിനു സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് തയാറാക്കുന്നതിനു മുന്‍പുതന്നെ സംസ്ഥാന പൊലീസ് മേധാവി, ക്രൈം ബ്രാഞ്ച് എ‍ഡിജിപി, ഇന്റലിജന്‍സ് എഡിജിപി തുടങ്ങിയവരില്‍നിന്നെല്ലാം ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടിയിരുന്നു.

കൊല്ലം കമ്മിഷണര്‍, ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍, പരവൂര്‍ സിഐ എന്നിവര്‍ക്കു വീഴ്ചപറ്റിയെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ വീണ്ടും ഡിജിപിയോടു വിശദീകരണം തേടിയതിലാണു നളിനി നെറ്റോ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയോട് ആഭ്യന്തര സെക്രട്ടറി ഇക്കാര്യം അറിയിച്ചതായാണു റിപ്പോര്‍ട്ട്. 

പൊലീസിന്റെ വീഴ്ച മൂടിവയ്ക്കാനും നടപടി ഒഴിവാക്കാനുമുള്ള നീക്കമാണു സര്‍ക്കാര്‍ നടപടിക്കു പിന്നിലെന്നാണു സൂചന.