ദില്ലി: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ഗുര്‍മീത് സിംഗിന്റെ ദത്ത്പുത്രിയും അനുയായിയുമായ ഹണിപ്രീത് സിങ് ഇന്‍സാന്‍ ഉടന്‍ കീഴടങ്ങിയേക്കും. ഉപാധികളോടെ കീഴടങ്ങാമെന്ന നിര്‍ദ്ദേശം ഹണിപ്രീത് മുന്നോട്ടു വച്ചതായി സൂചന. പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ കീഴടങ്ങാന്‍ ഹണിപ്രീത് ഒരുങ്ങുന്നതായാണ് ഇവരുടെ സഹായികളില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്.
കീഴടങ്ങാന്‍ സഹായി മുഖേന ഹണിപ്രീതിനോട് ഫോണില്‍ നിര്‍ദ്ദേശിച്ചതായി അഭിഭാഷകന്‍ പ്രദീപ് ആര്യയും വ്യക്തമാക്കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒപ്പിടുന്നതിനായി ഡല്‍ഹിയിലെ തന്റെ വസതിയില്‍ ഹണിപ്രീത് എത്തിയിരുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രദീപ് ആര്യ പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.
ഹണിപ്രീതിനായി രാജസ്ഥാനിലെ ആറിടങ്ങളില്‍ പൊലീസ് പരിശോധന നടത്തി. പൊലീസ് കസ്റ്റഡിയിലുള്ള ഗുര്‍മീതിന്റെ അനുയായിയില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചായിരുന്നു പരിശോധന. ഹരിയാന പൊലീസുമായി അന്വേഷണത്തില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ മൂന്നാഴ്ചത്തേയ്ക്ക് അറസ്റ്റ് തടയണമെന്നുമാവശ്യപ്പെട്ട് ഹണിപ്രീത് ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ദില്ലി ഹൈക്കോടതി എത്രയും വേഗം കീഴടങ്ങാന്‍ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. കേസ് പരിഗണിക്കുന്നത് ഹരിയാന ഹൈക്കോടതിയായതിനാല്‍ ദില്ലി ഹൈക്കോടതി ജാമ്യാപേക്ഷ സ്വീകരിക്കരുതെന്ന് ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് കോടതിയില്‍ വാദിച്ചു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ അക്രമം അഴിച്ചുവിട്ടതിന് പൊലീസ് കേസെടുത്തിനെത്തുടര്‍ന്നാണ് ഹണിപ്രീത് ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍ പോയത്.
