ദില്ലി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീതിനോടു പൊലീസ് മുമ്പാകെ കീഴടങ്ങാന്‍ ബന്ധുക്കളുടെ അഭ്യര്‍ഥന. കഴിഞ്ഞ ദിവസം ഹണിപ്രീതിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. 

മാനഭംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്നു കോടതി വിധിച്ചതോടെ പഞ്ച്കുളയില്‍ കലാപമുണ്ടാക്കിയ കേസില്‍ ഹണിപ്രീതിനെതിരെ ഹരിയാന പൊലീസ് കഴിഞ്ഞമാസം ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഹരിയാന, രാജസ്ഥാന്‍, യുപി, ബിഹാര്‍, ഡല്‍ഹി എന്നിവയ്ക്കു പുറമേ നേപ്പാള്‍ അതിര്‍ത്തിയിലും ഹണിപ്രീതിനായി തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായിട്ടില്ല.

ഇതിനിടെ, തന്റെ ജീവനു ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത പൊലീസിനെ സമീപിച്ചു. മുന്‍ ഭാര്യയെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയതോടെ തന്റെ ജീവനു ഭീഷണിയുണ്ടെന്നാണു വിശ്വാസ് ഗുപ്ത പൊലീസില്‍ പരാതി നല്‍കിയത്.