ചെന്നൈ: തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ ദളിത് യുവാവ് ശങ്കറിനെ കൊന്നകേസില്‍ ആറ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. മൂന്ന് പേരെ വെറുതെ വിട്ടു. ശങ്കറിന്റെ ഭാര്യമിതാവ് ചിന്നസ്വാമി, വാടകക്കൊലയാളികളായ ജഗദീശന്‍, മണികണ്ഠന്‍, കലൈതമിഴ്‍വണ്ണന്‍, മൈക്കിള്‍, സെല്‍വകുമാര്‍, തുടങ്ങിയവര്‍ക്കാണ് വധശിക്ഷ. ദുരഭിമാനക്കൊലക്കേസില്‍ തിരുപ്പൂര്‍ പ്രത്യേക സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
ശങ്കറിന്റെ ഭാര്യ കൗസല്യ നല്‍കിയ സാക്ഷിമൊഴിയും ഗൂഢാലോചനയുടെ തെളിവുകളുമാണ് കേസിലെ വിധിയില്‍ നിര്‍ണായകമായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഉദുമല്‍പേട്ടൈയില്‍ വെച്ച് പട്ടാപ്പകല്‍ കൗസല്യയുടെ അച്ഛന്റെ ഗുണ്ടകള്‍ ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്.
മകളായ കൗസല്യയെയും ഭര്‍ത്താവ് ശങ്കറിനെയും കൊല്ലാന്‍ തിരുപ്പൂര്‍ സ്വദേശിയായ ചിന്നസ്വാമിയ്ക്കും ഭാര്യ അന്നലക്ഷ്മിയ്ക്കും ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. തേവര്‍ സമുദായാംഗമായ കൗസല്യ വിവാഹം കഴിച്ചത് ദളിത് യുവാവായ ശങ്കറിനെയാണ്. അമ്മാവനായ പാണ്ഡി ദുരൈയുമൊത്ത് ശങ്കറിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കുമ്പോള്‍ എതിര്‍ത്താല്‍ കൗസല്യയെയും കൊന്നു കളഞ്ഞേയ്ക്കാനാണ് ചിന്നസ്വാമി ആവശ്യപ്പെട്ടത്.
ദളിതായ ശങ്കറിനെ വിവാഹം കഴിയ്ക്കുന്നതിനേക്കാള്‍ ഭേദം തന്നെ കൊല്ലുന്നതാണെന്ന് അമ്മ പല തവണ പറഞ്ഞിരുന്നെന്നും തന്റെ മുന്നില്‍ വെച്ചാണ് ശങ്കറിനെ പട്ടാപ്പകല്‍ അച്ഛന്റെ ഗുണ്ടകള്‍ കൊന്നതെന്നും കൗസല്യ നല്‍കിയ മൊഴിയാണ് കേസില്‍ ഏറ്റവും നിര്‍ണായകം. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് മറ്റൊരു പ്രധാന തെളിവ്.
കൗസല്യയുടെ കുടുംബം നടത്തിയ ഗൂഢാലോചന കേട്ട ഉദുമല്‍പേട്ടൈയിലെ ഓട്ടോ ഡ്രൈവറുടെ മൊഴിയും പൊലീസിന് സഹായകമാണ്. കൗസല്യയുടെ മാതാപിതാക്കള്‍ക്കും, അമ്മാവനും, നാല് വാടകക്കൊലയാളികള്‍ക്കുമെതിരായ കേസിലെ വിധി ഏറെ നിര്‍ണായകമാണ്. ശങ്കറിന്റെ കൊലപാതകത്തിന് ശേഷം വീട്ടിലേയ്ക്ക്മടങ്ങാന്‍ വിസമ്മതിച്ച കൗസല്യ ഏറെക്കാലം എഐഡിഎഡബ്യുഎ ഉള്‍പ്പടെയുള്ള വനിതാസംഘടനകളുടെ സംരക്ഷണയിലായിരുന്നു. ഇന്ന് തമിഴ്‌നാട്ടിലെ ജാതിയ്‌ക്കെതിരായ പോരാട്ടങ്ങളുടെ സമരമുഖമാണ് കൗസല്യ.
