മുംബൈ: റോഡില്‍ തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. മുംബൈയിലെ ഖര്‍ഗര്‍ നഗര്‍ സ്വദേശി ശില്‍പ പുരി എന്ന 34കാരിയാണ് മരിച്ചത്. ആക്ടീവ സകൂട്ടറില്‍ പോവുകയായിരുന്ന യുവതി റോഡില്‍ തെന്നിവീഴുകയും തൊട്ടു പിന്നിലായി വന്ന ക്രെയിന്‍ യുവതിയുടെ തലയില്‍ കയറിയിറങ്ങികയുമായിരുന്നു. എന്നാല്‍ അപകടം നടന്നതറിഞ്ഞിട്ടും ക്രെയിന്‍ നിര്‍ത്താതെ പോയി. 

അപകടത്തില്‍ മരിച്ചു കിടന്ന ശില്‍പയുടെ മൃതദേഹം കണ്ടിട്ടും പലരും തിരിഞ്ഞു നോക്കാതെ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. അപകടം നടന്ന് പത്ത് മിനുട്ടോളം ആരും സംഭവം പൊലീസിനെ അറിയിക്കുകയോ അപകടം നടന്നതായി ഭാവിക്കുകയോ ചെയ്തില്ലെന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

റോഡില്‍ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ റോഡിന്റെ ഇടതു ഭാഗത്തായി നിലനിര്‍ത്തിയ ആഴത്തിലുള്ള കുഴിയാണ് അപകടത്തിലേക്ക് നയിച്ചത്. റോഡില്‍ നിന്ന് കുഴിയിലേക്ക് പത്ത് ഇഞ്ച് വരെ ആഴമുണ്ടെന്നും ടയര്‍ അതിലേക്ക് പതിച്ചാണ് അപകടമുണ്ടായതെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ കുഴിയുള്ള ഭാഗത്ത് യാതൊരു തരത്തിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നില്ല. സംഭവത്തില്‍ ക്രെയിന്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റോഡുപണി കരാറുകാരനെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

ഈ ദൃശ്യങ്ങള്‍ നിങ്ങളുടെ മനസിനെ വേദനിപ്പിച്ചേക്കാം