ഇടുക്കി: കാന്തല്ലൂര്‍, വട്ടവട മേഖലയില്‍ നിന്നും ഓണക്കാലത്ത് പച്ചക്കറി നല്‍കിയ കര്‍ഷകര്‍ക്ക് ഓണം കഴിഞ്ഞിട്ടും പണം കിട്ടിയില്ല.പച്ചക്കറി സംഭരിച്ച ഹോര്‍ട്ടികോര്‍പ്പാണ് കര്‍ഷകര്‍ക്ക് പണം നല്‍കേണ്ടത്. മൂന്നു ദിവസത്തിനകം പണം നല്‍കുമെന്നായിരുന്നു ഉറപ്പ്. കഴിഞ്ഞ വെള്ളിയാഴച വരെയാണ് ഓണത്തിനായി കാന്തല്ലൂര്‍, വട്ടവട മേഖലയില്‍ നിന്നും ഹോര്‍ട്ടി കോര്‍പ്പ് പച്ചക്കറി സംഭരിച്ചത്.
ശീതകാല പച്ചക്കറി വിപണന സംഘം, വിഎഫ്പിസികെയുടെ കര്‍ഷക വിപണി എന്നിവയുടെ സഹായത്തോടെ കാന്തല്ലൂരില്‍ നിന്നും 25 ലക്ഷം രൂപയുടെ പച്ചക്കറി സംഭരിച്ചു. കാലാവസ്ഥാ വ്യതിനായം മൂലം കഴിഞ്ഞ വര്‍ഷം ലഭിച്ചതിന്‍റെ നാലിലൊന്നു വിളവ് മാത്രമാണ് ഇത്തവണ കിട്ടിയത്. കഴിഞ്ഞ ഓണക്കാലത്ത് കാന്തല്ലൂരില്‍ നിന്നു മാത്രം 175 ടണ്‍ പച്ചക്കറിയാണ് ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ചത്. ഓണം കഴിഞ്ഞിട്ടും വില കിട്ടാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
റെക്കോഡ് വിളവ് ലഭിച്ച വട്ടവടയിലെ കര്‍ഷകര്‍ക്കും ഇതുവരെ പണം കിട്ടിയിട്ടില്ല. ഇവിടെ നിന്നു മാത്രം 350 ടണ്ണിലധികം പച്ചക്കറിയാണ് കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച് നല്‍കിയത്. 50 ലക്ഷത്തോളം രൂപ കിട്ടാനുണ്ട്. ആദ്യം ഘട്ടത്തില്‍ പച്ചക്കറി നല്‍കിയ ചിലര്‍ക്കു മാത്രം പണം കിട്ടി. പതിനായിരക്കണക്കിനു രൂപയാണ് ഓരോ കര്‍ഷകര്‍ക്കും കിട്ടാനുള്ളത്. അതേസമയം തുടര്‍ച്ചയായ അവധി ദിനങ്ങള്‍ മൂലമാണ് പണം നിക്ഷേപിക്കാന്‍ വൈകുന്നതെന്നാണ് ഹോര്‍ട്ടികോര്‍പ്പ് പറയുന്നത്.
