ബാഗ്‍ദാദ്: ഇറാഖിലെ ബാഗ്‍ദാദില്‍ യാര്‍മുഖ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 12 നവജാത ശിശുക്കള്‍ വെന്തുമരിച്ചു. പ്രസവ വാര്‍ഡിനോടനുബന്ധിച്ച് പൂര്‍ണ വളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങളെ പരിചരിച്ചിരുന്ന വാര്‍ഡിലാണ് തിപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍

രാത്രിയുണ്ടായ തീപിടിത്തത്തില്‍ 12 നവജാതശിശുക്കള്‍ വെന്തുമരിച്ചു. പൂര്‍ണ വളര്‍ച്ചയെത്താതെ പ്രസവിച്ചതിനെ തുടര്‍ന്ന് പ്രത്യേക പരിചരണ വിഭാഗത്തില്‍ പ്രവേശിച്ച കുട്ടികളാണ് ദുരന്തത്തിന്നിരയായത്. 20 കുഞ്ഞുങ്ങളാണ് തീപിടിക്കുന്ന സമയത്ത് ഈ വിഭാഗത്തിലുണ്ടായിരുന്നത്.

കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 19 പേര്‍ക്ക് പൊള്ളലേറ്റു. 8 നവജാത ശിശുക്കളേയും 29 സ്തീകളേയും അപകടമുണ്ടായ ഉടന്‍ തീപടര്‍ന്ന മുറിയില്‍ നിന്നും ഒഴിപ്പാക്കാന്‍ കഴിഞ്ഞത് ദുരന്തത്തിന്‍റെ ആഴം കുറച്ചു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് ഇറാഖ് സര്‍ക്കാരിന്‍റെ ആരോഗ്യ വിഭാഗം നല്‍കുന്ന വിശദീകരണം.

തീപിടിത്തമുണ്ടായാല്‍ രക്ഷപ്പെടാനുള്ള ഇടനാഴി ആശുപത്രിയില്‍ ഇല്ലായിരുന്നു. കാലപ്പഴക്കം ചെന്ന വയറിംഗും അറ്റകുറ്റപ്പണി നടത്താത്ത കെട്ടിടങ്ങളും ഏറെയുള്ള ഇറാഖില്‍ ഇത്തരം തീപിടിത്തങ്ങള്‍ പതിവാണെങ്കിലും അടുത്ത കാലത്തുണ്ടാകുന്ന വലിയ ദുരന്തങ്ങളില്‍ ഒന്നാണിത്. മൂന്നു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് തീയണയ്ക്കാനായത്.