പൊട്ടിയൊലിക്കുന്ന കക്കൂസ് മാലിന്യത്തിന് നടുവിലെ അടുക്കള, ചോദ്യം ചെയ്താല്‍ ഭീഷണിപ്പെടുത്താന്‍ വളര്‍ത്തു നായ്‌ക്കള്‍, കൊല്ലം എസ്എന്‍ ലോ കോളേജിലെ വനിതാ ഹോസ്റ്റലിലെ അവസ്ഥയാണിത്. ലോ അക്കാദമി മോഡലില്‍ കൊല്ലത്തും അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.
പുറത്തു നിന്ന് കാണാന്‍ നല്ല പെയിന്‍റടിച്ച് വൃത്തിയാക്കിയ കെട്ടിടം. എന്നാല്‍ അകത്തേക്കൊന്ന് കയറണം. പൊട്ടിയൊലിക്കുന്ന സെപ്ടിക് ടാങ്കിന് വശത്താണ് അടുക്കള. മലിന ജലം ഒഴുക്കാന്‍ അടുക്കളയില്‍കൂടി ഓട. 750ലധികം വിദ്യാര്‍ത്ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലിലെ ചുറ്റുമതിലാണെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും ചാടിക്കയറാം.
ഭയം കൊണ്ടാണ് പലതും പുറത്തുപറയാന്‍ മടിച്ചത്. പക്ഷേ തിരുവനന്തപുരം ലോ അക്കാദമി സമരം തന്ന ആത്മവിശ്വാസമാണ് തങ്ങള്‍ക്കെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഒരുമിച്ചാണ് ഇവിടെ സമരം നടത്തുന്നത്.ഈ ആക്ഷേപങ്ങളൊക്ക മാനേജ്മെന്‍റ് നിഷേധിച്ചു.
