ഖത്തര്‍ ഉള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ വര്‍ഷം വേനല്‍ ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്. സാധാരണ വേനലിലെ ശരാശരി താപനിലയെക്കാള്‍ കൂടിയ ചൂടാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

ഈയാഴ്ച ഖത്തറില്‍ പകല്‍ സമയത്തെ ഏറ്റവും കൂടിയ താപനില 40 ഡിഗ്രിക്ക് അടുത്തെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം. സാധാരണ ഏപ്രില്‍ മാസത്തെ കൂടിയ താപനില 33 ഡിഗ്രിയാണ്. കിഴക്കു നിന്ന് തെക്ക് കിഴക്കായി വീശുന്ന കാറ്റാണ് ചൂട് കൂടാന്‍ കാരണമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഖത്തറിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ജൂണ്‍ മുതല്‍ ശരാശരിയേക്കാള്‍ കൂടിയ താപനില അറുപതു മുതല്‍ എഴുപതു ശതമാനം വരെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് കണക്ക് കൂട്ടുന്നു. സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ പതിക്കുന്നത് ഒഴിവാക്കാനും പരമാവധി വെള്ളം കുടിക്കാനും കാലാവസ്ഥാ വിഭാഗവും ആരോഗ്യ വിദഗ്ധരും നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും പൊള്ളുന്ന വേനല്‍ ചൂടാണ് ഗള്‍ഫ് രാജ്യങ്ങളില്‍ അനുഭവപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണമായി പറഞ്ഞിരുന്നത്. ശക്തമായ ചൂടിനൊപ്പമായിരിക്കും ഇത്തവണത്തെ റംസാന്‍ വ്രതമെന്നതും പ്രവാസികളെ ആശങ്കയിലാക്കുന്നു.