ആലപ്പുഴ: ചരക്കുസേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിന് വില കൂടുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഭക്ഷണത്തിന് 13 ശതമാനം വരെ വില വര്‍ധിക്കും. 18 ശതമാനം വരെ നികുതി വരുന്നതാണ് ഇതിന് കാരണമെന്ന് തോമസ് ഐസക് പറഞ്ഞു. ഹോട്ടല്‍ ഭക്ഷണത്തിനു വിലവര്‍ധിക്കുന്നത് നികുതിയുടെ പേരിലല്ല. ഇന്‍പുട്ട് എത്ര കിട്ടുന്നോ അതു കുറയ്ക്കും. ഇന്‍പുട്ട് എത്രയാക്കണമെന്ന് ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഹോട്ടലുടമകളുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങളൊക്കെയുണ്ട്. തുടക്കമെന്ന നിലയില്‍ അഞ്ചോ എട്ടോ ശതമാനം കുറയ്ക്കണമെന്ന തീരുമാനത്തിലെത്തിയിട്ടുണ്ട്. ഇത് നടപ്പാക്കുന്നതിന് മൂന്നുമാസത്തെ സാവകാശം വേണമെന്നാണ് വ്യാപാര ഏകോപനസമിതി ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നോണ്‍ എസി റസ്റ്ററന്റുകള്‍ 5% വില കുറച്ച ശേഷമേ 12% ജിഎസ്ടി ഈടാക്കൂ. എസി ഹോട്ടലുകള്‍ 8% വില കുറച്ചാവും ജിഎസ്ടി ചുമത്തുകയെന്ന് അറിയിച്ചിട്ടുണ്ട്. 

തിങ്കളാഴ്ച മുതല്‍ കോഴി വില 87 ആക്കിയേ തീരൂ. കോഴിവ്യാപാരികളുടെ അഹങ്കാരം അനുവദിക്കില്ലെന്നും തോമസ് ഐശക് മുന്നറിയിപ്പ് നല്‍കി.  87 രൂപയ്ക്ക് ഇറച്ചിക്കോഴി വില്‍ക്കുന്നത് പ്രായോഗികമല്ലെന്നാണ് കോഴി വ്യാപാരികള്‍ പറയുന്നത്. സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ തിങ്കളാഴ്ച മുതല്‍ കടകളടച്ചിട്ട് സമരം നടത്താനാണ് വ്യാപാരികളുടെ തീരുമാനം.