കൊച്ചി: കൊച്ചിയില്‍ നഗരമധ്യത്തിൽ കുടുംബത്തെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ഹോട്ടലുടമ അറസ്റ്റിൽ. കാറുകൾ തമ്മിൽ ഉരസിയതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടിയുള്ള ഭീഷണി. കൊച്ചി എംജി റോഡ് വുഡ്‍ലാൻഡ്സ് ജംഗ്ഷനിലാണ് സംഭവം. ഗതാഗത കുരുക്കിനിടെ പള്ളുരുത്തി സ്വദേശി ഡിക്സന്‍റെ കാറിൽ കൊച്ചിയിലെ ത്രീസ്റ്റാർ ഹോട്ടലായ ഗ്രാൻഡ് സീസൺസിന്റെ ഉടമ പീലിപ്പോസിന്‍റെ കാർ തട്ടി.
ഇത് ചോദ്യം ചെയ്തപ്പോൾ തർക്കമായി. തർക്കത്തിനിടെ പീലീപ്പോസ് കാറിനുള്ളിൽ നിന്ന് കൈത്തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ഡിക്സൻ പറയുന്നു. കാറിലുണ്ടായിരുന്ന ഡിക്സന്‍റെ മൂന്ന് കുട്ടികളും ഭാര്യയും ഇത് കണ്ട് ഭയന്നു. പൊലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും പീലിപ്പോസിനെ ആദ്യം കസ്റ്റഡിലെടുക്കാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്. സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയതിന് ശേഷമാണ് പീലിപ്പോസിനെ പൊലീസ് വിളിച്ച് വരുത്തിയത്. ലൈസൻസുള്ള തോക്കും ഹാജരാക്കി. പിന്നീട് ഡിക്സനിൽ നിന്ന് മൊഴിയെടുത്ത ശേഷം പൊലീസ് പീലിപ്പോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
