കൊച്ചി: ഹോട്ടലുകളില്‍ ചരക്ക് സേവന നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഈ മാസം 30ന് സംസ്ഥാനത്ത് ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. ഹോട്ടലുടമകളുടെ സംഘടനയാണ് തീരുമാനമെടുത്തത്. ഹോട്ടലുകളെ നികുതിയില്‍ നിന്ന് ഒഴിവാക്കുകയോ കുറഞ്ഞ നികുതി നിരക്ക് നടപ്പാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം. വരുന്ന ജൂലൈ ഒന്നു മുതലാണ് ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പുതിയ നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. ഹോട്ടല്‍ സേവനങ്ങള്‍ക്ക് വിവിധ തരത്തിലുള്ള നികുതി നിര്‍ദ്ദേശങ്ങളാണ് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ നിശ്ചയിച്ചത്. 5 സ്റ്റാര്‍, 7 സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് 28 ശതമാനവും 2500 മുതല്‍ 5000 രൂപ വരെ മുറി വാടകയുള്ള ഹോട്ടലുകള്‍ക്ക് 18 ശതമാനവുമാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. 1000 മുതല്‍ 2500 രൂപ വരെ നിരക്കുള്ള ഹോട്ടലുകള്‍ക്ക് 12 ശതമാനം നികുതി ഈടാക്കും. എന്നാല്‍ 1000 രൂപയില്‍ താഴെയുള്ള ഹോട്ടലുകള്‍ക്ക് ഏറ്റവും കുറഞ്ഞ നികുതി നിരക്കായി അഞ്ച് ശതമാനമായിരിക്കും ഈടാക്കുക.