തിരുവനന്തപുരം: തിരുവനന്തപുരത്തെ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയിലെ ക്രമക്കേടുകളുടെ പശ്ത്താലത്തില്‍ ഹോര്‍ട്ടികോര്‍പ്പ് എംഡി സുരേഷ് കുമാറിനെ മാറ്റി. കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിക്ക് പകരം ചുമതല നല്‍കി. കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ ഇന്ന് ആനയറയിലെ വിപണിയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

ആനയറയിലെ മൊത്ത വ്യാപാര കേന്ദ്രത്തില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തിയ മന്ത്രിക്ക് ഗുരുതരക്രമക്കേടുകള്‍ പ്രഥമദൃഷ്‌ട്യാബോധ്യപ്പെട്ടു. അതിന്റെ പശ്ചാത്തലത്തിലാണ് ഹോര്‍ട്ടികോര്‍പ്പ് എംഡി സുരേഷ് കുമാറിനെ തത്സ്ഥാനത്തു നിന്ന് മാറ്റിയത്. കൂടാതെ ഹോര്‍ട്ടികോര്‍പ്പ് റീജിയണല്‍ മാനേജരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

കര്‍ഷകര്‍ക്ക് ന്യായവിലയ്‌ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ തുടങ്ങിയ വിപണിയില്‍ മൊത്തം തമിഴ്‌നാട് പച്ചക്കറിയെന്ന പരാതിയെതുടര്‍ന്നാണ് മന്ത്രി പരിശോധനയ്‌ക്കെത്തിയത്. രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ കര്‍ഷകരുടെ പേരില്ല. പകരം തമിഴ്‌നാട്ടിലെ ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും. ഇത് കണ്ടതോടെ മന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യമായി പൊട്ടിത്തെറിച്ചു.

കാലങ്ങളായുള്ള പരാതി മന്ത്രിയുമായി പങ്കുവച്ച് കര്‍ഷകരും രംഗത്തെത്തി. ഉടന്‍തന്നെ വിജിലന്‍സ് അന്വേഷണമുണ്ടാകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു
പരിശോധനകള്‍ തുടരും. ഓണക്കാലത്തിന് മുന്‍പ് ഏതൊക്കെ പച്ചക്കറി എവിടൊക്കെ കിട്ടും എന്ന് കണ്ടെത്താനും തദ്ദേശിയ കര്‍ഷകരെ ഉള്‍പ്പെടുത്തി കൃത്യമായ വിപണന ശൃഘല ഉണ്ടാക്കാനും നടപടി തുടങ്ങിയതായി മന്ത്രി അറിയിച്ചു.