കിടപ്പാടം ജപ്തി ചെയ്തു; ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു

മൂവാറ്റുപുഴ: അർബ്ബൻ സഹകരണ ബാങ്കിന്‍റെ ജപ്തി നടപടി നേരിട്ട ഗൃഹനാഥൻ ആത്മഹത്യക്കു ശ്രമിച്ചു. കടാതി കൈതതത്തറയിൽ സാജുവാണ് താമസിക്കുന്ന വീടുൾപെടുന്ന സ്ഥാപനം ബാങ്ക് ജപ്തി ചെയ്തതോടെ തൂങ്ങി മരിക്കാൻ ശ്രമിച്ചത്.

ബേക്കറി സാധനങ്ങൾ ഉണ്ടാക്കി വിൽപന നടത്തുന്ന സ്ഥാപനമുൾപെടുന്ന മൂന്നുനില കെട്ടിടമാണ് മൂവ്വാറ്റുപുഴ അർബ്ബൻ സഹകരണ ബാങ്ക് ജപ്തി ചെയ്തത്. സാജു വർഷങ്ങൾക്കു മുമ്പ് വ്യവസായാവശ്യത്തിനായെടുത്ത 20 ലക്ഷം രൂപയുടെ വായ്പ കുടിശ്ശികയായതിനെ തുടർന്നായിരുന്നു ബാങ്കിന്ടെ നടപടി.

ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന സാജുവിന്‍റെ കുടുംബം ഇവിടെയായിരുന്നു താമസിച്ചിരുന്നത്. കുടുംബവുമായി എങ്ങോട്ടു പോകുമെന്നുളള മനോ വിഷമത്തിലായിരുന്നു സാജൂവിന്‍റെ ആത്മഹത്യാ ശ്രമം. വിവരമറിഞ്ഞെത്തിയ നഗര സഭാ ചെയർപേഴ്സൺ ഇടപെട്ട് വ്യാഴാഴ്ച നാലു ലക്ഷം രൂപ ബാങ്കിലടച്ചു വീടു തിരികെ നൽകാൻ നടപടി സ്വീകരിക്കുമെന്നു പറഞ്ഞു. 

മൂന്നു വർഷം മുമ്പെടുത്ത വായ്പയിലേക്ക് ഒരു ഗഡു പോലും സാജു തിരിച്ചിടച്ചില്ല. കുടിശ്ശിഖ 26 ലക്ഷമായതോടെയായിരുന്നു ജപ്തിയെന്നുമാണ് ബാങ്ക് നിലപാടെടുത്തത്. എന്നാൽ ഇടതു ഭരണത്തിലുളള ബാങ്ക് നിര്‍ധന കുടുംബത്തെ തെരുവിലിറക്കാനൊരുങ്ങിയ നടപടി ശരിയായില്ലെന്നു വിമർശനമുയരുന്നുണ്ട്.