വാഷിംഗ്ടണ്‍: ഒബാമ കെയറിനു പകരം റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ച ആരോഗ്യപരിരക്ഷ പദ്ധതി നേരിയ ഭൂരിപക്ഷത്തോടെ യുഎസ് കോണ്‍ഗ്രസ് പാസാക്കി. യുഎസ് കോണ്‍ഗ്രസിൽ 217 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 213 പേർ എതിർത്തു. ഇനി ബിൽ സെനറ്റിന്‍റെ പരിഗണനയ്ക്കു വിടും. 

ഒബാമ കെയർ പദ്ധതി അവസാനിപ്പിക്കും എന്നത് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഡൊണൾഡ് ട്രംപിന്‍റെ മുഖ്യവാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. യുഎസ് പ്രസിഡന്‍റായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ ഉത്തരവിൽ ഒബാമ ഭരണത്തിന്‍റെ അവശേഷിപ്പുകളിൽ മുഖ്യമായ ഒബാമ കെയർ പദ്ധതി അവസാനിപ്പിക്കാൻ ട്രംപ് നിർദേശം നിൽകിയിരുന്നു. 

ട്രംപിന്‍റെ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നു ഒബാമ കെയര്‍ ഉടച്ചുവാര്‍ത്തുകൊണ്ടുള്ള പുതിയ ഇന്‍ഷുറന്‍സ് പദ്ധതി. മുഴുവൻ അമേരിക്കക്കാർക്കും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്ന ഒബാമ കെയർ പദ്ധതി, പ്രസിഡന്‍റ് ബറാക് ഒബാമയുടെ 2008ലെ തിരഞ്ഞെടുപ്പു വാഗ്‌ദാനങ്ങളിൽ മുഖ്യമായിരുന്നു. വളരെ ചെലവേറിയതും സമ്പന്നർക്കു മാത്രം താങ്ങാവുന്നതുമായി മാറിയ ആരോഗ്യ ഇൻഷുറൻസ് സാധാരണക്കാർക്കു പ്രാപ്യമാക്കുകയായിരുന്നു ഒബാമ കെയറിന്‍റെ ലക്ഷ്യം. 

ഒബാമ 2010 മാർച്ചിൽ ഒപ്പുവച്ച പദ്ധതിയുടെ പേര് ദ് പേഷ്യന്‍റ പ്രൊട്ടക്ഷൻ ആൻഡ് അഫോഡബിൾ കെയർ ആക്‌ട് എന്നായിരുന്നു. എന്നാൽ ഒബാമയുടെ എതിരാളികൾ കളിയാക്കി വിളിച്ച ‘ ഒബാമ കെയർ’ എന്ന പേരിനാണ് സ്വീകാര്യത ലഭിച്ചത്.