കോഴിക്കോട്: ബസ്‍ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി എത്തിയ കോഴിക്കോട് വെള്ളിമാട് കുന്ന് സ്വദേശിയായ വീട്ടമ്മേയേയും മകനേയും പോലീസ് മര്‍ദ്ദിച്ചതായി ആരോപണം. കണ്ടക്ടര്‍ ആക്രമിച്ചുവെന്ന പരാതി പോലീസ് അവഗണിച്ചെന്നും വീട്ടമ്മ പറയുന്നു. പോലീസ് മര്‍ദ്ദനമേറ്റെന്ന പറയപ്പെടുന്ന വീട്ടമ്മ പിന്നീട് ചികിത്സ തേടി.
വീടുകളില്‍ ജോലി നോക്കി കുടുംബം പുലര്‍ത്തുന്ന പുഷ്പ ഞായറാഴ്ച വൈകുന്നേരം മടങ്ങുമ്പോഴാണ് സംഭവം. യാത്രാ ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ചത് ബസ് കണ്ടകട്റെ ചൊടിപ്പിച്ചെന്ന് പുഷ്പ പറയുന്നു. ബസില്‍ നിന്ന് പിടിച്ചു തള്ളാന്‍ കണ്ടക്ടര്‍ ശ്രമിച്ചു, പിന്നീട് വഴിയിലിറക്കിവിട്ടെന്നും പുഷ്പ പരാതിപ്പെടുന്നു. വിവരമറിഞ്ഞ മകനും സുഹൃത്തുക്കളും ബസ് ജീവനക്കാരെ ചോദ്യം ചെയ്തു.
ബസ് കണ്ടക്ടര്‍ക്കെതിരെ പരാതിയുമായി ചേവായൂര്‍ പോലീസിനെ സമീപിച്ചു. എന്നാല്‍ പിന്നീട് തന്‍റെ മകനും സുഹൃത്തുക്കളും മര്‍ദ്ദിച്ചെന്ന് കാട്ടി ബസ് കണ്ടകടര്‍ ചേവായൂര്‍ പോലീസില്‍ പരാതി നല്‍കിയെന്നും, ഇതിന്‍റെ അടിസ്ഥാനത്തില്‍ അവരെ കസ്റ്റഡിയിലെടുത്ത് പോലീസ് മര്‍ദ്ദിച്ചെന്നും,തടയാന്‍ ശ്രമിച്ച തന്നെ പോലീസ് കൈയ്യറ്റം ചെയ്തെന്നും പുഷ്പ പറയുന്നു.
കണ്ടക്ടര്‍ക്കെതിരായി നല്‍കിയ പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും ഇവര്‍ പറയുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പുഷ്പ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സ തേടി. അതേ സമയം പുഷ്പയുടെ മകനും, സുഹൃത്തുക്കളും ബസ് തടഞ്ഞ് കണ്ടക്ടറെ മര്‍ദ്ദിച്ചതിന് കേസെടുത്തുവെന്നാണ് ചേവായൂര്‍ പോലീസിന്‍റെ പ്രതികരണം. വീട്ടമ്മയെ മര്‍ദ്ദിച്ചെന്ന ആക്ഷേപം പോലീസ് തള്ളി.
