പൊലീസിന്‍റെ വാഹന പരിശോധന അപകടത്തില്‍പ്പെട്ട് രണ്ട് മരണം

ആലപ്പുഴ: സിനിമാ സ്റ്റൈലില്‍ പൊലീസ് വാഹനപരിശോധനയെ തുടര്‍ന്ന് ബൈക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടി ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ കൂത്തക്കര വീട്ടില്‍ ഷേബുവിന്റെ ഭാര്യ സുമി (35) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരിക്കെ ഇന്നലെ പുലര്‍ച്ചെ മരിച്ചത്. അപകടത്തില്‍പ്പെട്ട് പാതിരപ്പള്ളി വെളിയില്‍ ബാലന്റെ മകന്‍ ബിച്ചു (24) നേരത്തെ മരിച്ചിരുന്നു

സുമിയുടെ സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടത്തി. കഴിഞ്ഞ 11 ന് ഷേബുവും കുടുംബവും ബന്ധുവിന്റെ കുട്ടിയെ കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആണ് അപകടം. ചേര്‍ത്തല എസ് എന്‍ കോളജിന് മുന്നില്‍ പൊലീസ് പരിശോധന നടത്തുമ്പോള്‍ നിര്‍ത്താതെ പോയ ബൈക്കുകാരനെ പിടിക്കാന്‍ ജീപ്പ് കുറുകെയിട്ട് നിര്‍ത്തുവാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് ജീപ്പില്‍ ബൈക്കിടിച്ച് പാതിരപ്പള്ളി വെളിയില്‍ ബാലന്റെ മകന്‍ ബിച്ചു (24) ആണ് മരിച്ചത്. 

ബിച്ചു ഓടിച്ച ബൈക്ക് ഷേബുവും കുടുംബം സഞ്ചരിച്ച ബൈക്കിലാണ് ഇടിച്ചത്. ചെത്ത് തൊഴിലാളിയായ ഷേബു നട്ടെല്ല് തകര്‍ന്ന് ഇടതു കയ്യും കാലും ഒടിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. മക്കളായ ഹര്‍ഷയും ശ്രീലക്ഷ്മിയും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.