മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി പഴയകത്ത് വീട്ടില്‍ നിസാമുദ്ധീന്റെ ഭാര്യ റഹീനയാണ് മരിച്ചത്. നിസാമുദ്ദീനു വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

പരപ്പനങ്ങാടി ബീച്ച് റോഡിലെ പഴയ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് റഹീനയെ കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഇറച്ചി വാങ്ങാനെത്തിയവരാണ് കടക്കു പിറകിലെ കെട്ടിടത്തില്‍ മൃതദേഹം കണ്ടത്. ഇറച്ചി കച്ചവടക്കാരനാണ് ഭര്‍ത്താവ് നിസാമുദ്ദീന്‍. നിസാമുദ്ദീനും ഭാര്യ റഹീനയും തമ്മില്‍ അഭിപ്രായ വ്യത്യാസത്തിലായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

ഭാര്യയെ കൊലപെടുത്താന്‍ ഉദ്ദേശിച്ച് കടയുടെ പിറകുവശത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് നിസാമുദ്ദീന്‍ കൂട്ടികൊണ്ടു വന്നതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കോഴിക്കോട് നരിക്കുനി സ്വദേശിയാണ് കൊല്ലപെട്ട റഹീന. മുപ്പത് വയസായിരുന്നു. രണ്ട് മക്കളുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.