അമ്പലപ്പുഴ: പ്രസവത്തിന് ശേഷം ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇതില്‍ ക്ഷുഭിതരായ ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് വണ്ടാനം പുതുവല്‍ സിബിച്ചന്റെ ഭാര്യ ബാര്‍ബറ (36) യാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ 22 ന് പ്രസവത്തിനായി പ്രവേശിക്കപ്പെട്ട ബാര്‍ബ 23 ന് പെണ്‍കുട്ടിയെ പ്രസവിച്ചു.

4 ദിവസത്തിന് ശേഷം ശക്തമായ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു തുടങ്ങി. വിവരം ഡോക്ടറെ അറിയിച്ചപ്പോള്‍ ഗ്യാസാണെന്ന് പറഞ്ഞ് മരുന്ന് നല്‍കി. എന്നാല്‍ രോഗം മാറാതെ വന്നതോടെ വീട്ടമ്മയെ പിന്നീട് ഐസിയുവിലേയ്ക്ക് മാറ്റി. രോഗകാരണം എന്താണെന്ന് പറയാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീണ്ടും രോഗം മൂര്‍ഛിച്ചതോടെ ബാര്‍ബറയെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി. ഇവിടെ വെച്ച് ഇന്ന് പുലര്‍ച്ചെ അഞ്ചോടെ ഇവര്‍ മരിച്ചു. 

തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എം. കബീര്‍, ഗ്രാമപഞ്ചായത്ത് അംഗം എന്‍. ഷിനോയി എന്നിവരുടെ നേതൃത്വത്തില്‍ ബന്ധുക്കള്‍ സൂപ്രണ്ടനെ ഉപരോധിച്ചത്. ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും കുറ്റക്കാരായ ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്താമെന്ന ഉറപ്പിന്മേല്‍ ഉപരോധം അവസാനിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ട്, അമ്പലപ്പുഴ പൊലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു. പരാതിയിന്മേല്‍ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാല്‍ അറിയിച്ചു. ബാര്‍ബറയുടെ മൃതദേഹം നാളെ വണ്ടാനം മേരി ക്യൂന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. മകന്‍: സോഹ