കാസര്‍കോട്: ജില്ലയില്‍ തുടര്‍ച്ചയായി വീട്ടമ്മമാര്‍ കൊല്ലപ്പെടുന്ന സംഭവത്തില്‍ പോലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. തനിച്ചു താമസിക്കുന്ന വീട്ടമ്മമാര്‍ക്കെതിരെ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഇതിന്റെ കാരണങ്ങളെ കുറിച്ച് വിശദമായി അന്വേഷണം നടത്തി ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കാസര്‍കോട് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണിനോട് കമ്മീഷന്‍ അംഗം കെ.മോഹന്‍ കുമാര്‍ ആവശ്യപ്പെട്ടു. 

പെരിയ വില്ലാരംപൊതി റോഡില്‍ വര്‍ഷങ്ങളായി തനിച്ചു താമസിക്കുന്ന സുബൈദ എന്ന സ്ത്രീ കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത കമ്മീഷന്‍, പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കണമെന്നും പൊലീസിന് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കാസര്‍കോട് നടന്ന നാലാമത്തെ കൊലപാതകമാണ് പെരിയയിലേത്. ചീമേനി പുലിയന്നൂരില്‍ റിട്ട.അദ്ധ്യാപിക പി.വി.ജാനകി കവര്‍ച്ചക്കിടെ കൊല്ലപ്പെട്ടിട്ട് ഒരുമാസം പിന്നിടുമ്പോഴാണ് കാഞ്ഞങ്ങാട് പോലീസ് സബ്ഡിവിഷന്‍ പരിധിയിലെ പെരിയയില്‍ കൊല നടന്നത്. ഇതിന് മുമ്പ് അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിയ പൊടവടുകത്തും വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു. നവംബര്‍ മാസം പതിനൊന്നിനായിരുന്നു ഈ കൊലപാതകം. തട്ടുമ്മലിലെ അബൂട്ടിയുടെ ഭാര്യ ലീലയാണ് കൊല്ലപ്പെട്ടത്. ഇതില്‍ പ്രതിയായ ഒരു അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടിയിരുന്നു. 

എന്നാല്‍ ചീമേനി പുലിയന്നൂരിലെ ജാനകി ടീച്ചറിന്റെ കൊലപാതകം സംബന്ധിച്ച് പോലീസിന് ഇതുവരെ തെളിവുകള്‍ കണ്ടെത്തുവാനോ പ്രതികളെ പിടികൂടുവാനോ സാധിച്ചിട്ടില്ല. ഈ കേസില്‍ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നയാള്‍ക്ക് പോലീസ് രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര മേഖലാ ഐ.ജി.മഹിപാല്‍ യാദവിനാണ് ഈ കേസിന്റെ മേല്‍നോട്ടം. ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചിരുന്നു. ഇതിനിടയില്‍ രാവണേശരത്ത് വീട്ടമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താനും ശ്രമം നടന്നു. പുലര്‍ച്ചെ മോട്ടോര്‍ പമ്പ് ഓണ്‍ ചെയ്യാന്‍ പുറത്തിറങ്ങിയ ജാനകിയാണ് ആക്രമണത്തിനിരയായത്. ഈ സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കുഞ്ഞികണ്ണന്‍ എന്ന ഹോട്ടല്‍ തൊഴിലാളി തൂങ്ങി മരിക്കുകയായിരുന്നു. ചീമേനി കേസിന്റെ തുമ്പ് കണ്ടെത്താന്‍ വിഷമിക്കുന്ന ജില്ലാ പോലീസ് കുഞ്ഞിക്കണ്ണന്റെ ആത്മഹത്യയോടെ കേസ് അവസാനിപ്പിക്കാന്‍ തയ്യാറാകുന്നതിനിടയിലാണ് പെരിയയിലെ ദുരൂഹ മരണം.

പനയാലില്‍ ദേവകി എന്ന വീട്ടമ്മ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികഞ്ഞിട്ടും പൊലീസിന് യാതൊരു വിധതുമ്പും ലഭിച്ചില്ല. മടിക്കൈ അടുക്കത്ത് പറമ്പില്‍ ജിഷ കൊല്ലപ്പെട്ട സംഭവത്തിന്റെ വിചാരണ നടന്നുവരികയാണ്. ജിഷയുടെ കൊലപാതകത്തില്‍ അന്യ സംസ്ഥാന തൊഴിലാളിയിലേക്ക് വിരല്‍ ചൂണ്ടിയ പോലീസിന്റെ കണ്ടെത്തല്‍ തെറ്റാണെന്നു കാണിച്ച് ജിഷയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചാണ് ഈ കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.