ആലപ്പുഴ: മാവേലിക്കരയിലുള്ള വീട്ടമ്മയെ മോശക്കാരിയായി ചിത്രീകരിക്കുന്ന ഫോട്ടോകള്‍ വാട്സ് ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്നു. റെയ്ഡിനിടെ ലോഡ്ജില്‍നിന്ന് പിടികൂടിയതെന്ന പേരില്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ഫോട്ടോകളാണ് പ്രചരിപ്പിക്കുന്നത്. പൊലീസ് അന്വേഷണം തുടങ്ങി. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒട്ടേറേ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യപ്പെട്ട ഫോട്ടോകളാണിത്. മാവേലിക്കരയിലെ ലോഡ്ജില്‍നിന്നും റെയ്ഡിനിടെ പൊലീസ് പിടികൂടിയവരെന്ന അടിക്കുറുപ്പും ഉണ്ട്. സ്ത്രീ മാവേലിക്കര ഉന്പര്‍നാട് സ്വദേശി ലതാ മനോഷാണെന്നും സൂചിപ്പിക്കുന്നു.

കണ്ണുംപൂട്ടി ഈ വാര്‍ത്ത ഷെയര്‍ ചെയ്തവര്‍ ഇനിയെങ്കിലും യാഥാര്‍ത്ഥ്യം മനസിലാക്കണം. ലതാ മനോഷിനൊപ്പം ഫോട്ടോയിലുള്ളത് മറ്റാരുമല്ല, ഭര്‍ത്താവ് മനോഷാണ്. ഒരു മാസം മുന്പാണ് ഫോട്ടോകള്‍ ഇത്തരത്തില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ലതയോ സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന മനോഷോ ഇക്കാര്യം അറിഞ്ഞതുമില്ല. ഇവരുടെ വീടിനടുത്തുള്ള യുവാക്കള്‍ അംഗങ്ങളായ പുണ്യാളന്‍സ് എന്ന വാട്സ് ഗ്രൂപ്പില്‍ വരെ ഫോട്ടോകള്‍ പ്രചരിച്ചിരുന്നു.

വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലായി ലത. നാണക്കേട് ഭയന്ന് കുട്ടികള്‍ സ്കൂളിലും പോകാതായി. സംഭവം അറിഞ്ഞ് മനോഷ് നാട്ടിലെത്തി. പുണ്യാളന്‍സ് എന്ന വാട്സ് ഗ്രൂപ്പില്‍ അംഗങ്ങളായവര്‍ക്കെതിരെ ലത കുറത്തിയാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.