നല്ലൊരു ശുചിമുറി ഇല്ലാത്തതിനാൽ മക്കളെ അവധിക്ക് കൊണ്ടുവരാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന് സിന്ധു പറയുന്നു

ഇടുക്കി: അടച്ചുറപ്പുള്ളൊരു വീടില്ലാത്തതിനാൽ ദുരിതത്തിലായിരിക്കുകയാണ് ഇടുക്കി രാജാക്കാട്ടെ സിന്ധുവെന്ന വീട്ടമ്മയും രണ്ട് പെൺകുട്ടികളും. ഇപ്പോൾ താമസിക്കുന്ന ടാർപോളിൻ ഷെഡ് , മഴക്കെടുതിയിൽ തകർന്നതോടെ ഇവരുടെ ജീവിതം കൂടുതൽ ദുസ്സഹമായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ആറ് കൊല്ലത്തോളമായി സിന്ധുവിന്‍റെയും മക്കളുടെയും താമസം ടാർപോളിൻ ഷെഡ്ഡിലാണ്. ഭൂമി പഞ്ചായത്ത് അനുവദിച്ചതുമാണ് . കൂലിവേല ചെയ്തു കിട്ടുന്ന പണം അന്നന്നത്തെ ചിലവിനും മക്കളുടെ പഠിപ്പിനും തികയാറില്ല. ഇതോടെ ഈ ഭൂമിയിൽ അടച്ചുറപ്പുള്ളൊരു വീട് വയ്ക്കാമെന്ന സ്വപ്നം നീണ്ട് നീണ്ട് പോവുകയാണ്.
ഇക്കഴിഞ്ഞ മഴക്കെടുതിയിൽ ഷെഡ് കൂടുതൽ നാശത്തിലായി. പെൺമക്കളെ ഇവിടെ നിർത്താൻ പറ്റാത്ത അവസ്ഥയിലായതോടെ സിന്ധു അവരെ ആലുവയിലുള്ള കോൺവെന്‍റിലാക്കിയിരിക്കുകയാണ്. 

നല്ലൊരു ശുചിമുറി ഇല്ലാത്തതിനാൽ മക്കളെ അവധിക്ക് കൊണ്ടുവരാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന് സിന്ധു പറയുന്നു. വേനൽ കടുത്തതോടെയുള്ള ദുരിതങ്ങളും ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു.

സുരക്ഷിതമില്ലായ്മയിൽ വീട്ടിൽ കിടന്നുറങ്ങാൻ പോലും പറ്റുന്നില്ലെന്ന് പറയുമ്പോഴും തങ്ങളെ സഹായിക്കാൻ ഏതെങ്കിലും സുമനസ്സുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് സിന്ധുവിന്‍റെയും മക്കളും.