ഇറാന്‍റെ സഹായത്തോടെ ഹൂത്തികള്‍ നടത്തുന്ന മിസൈല്‍ ആക്രമണത്തിനെതിരെ സൗദി ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു

ജിദ്ദ: ശക്തമായ മുന്നറിയിപ്പ് ഉണ്ടായിട്ടും സൗദിക്ക് നേരെ ഹൂത്തികളുടെ മിസൈല്‍ ആക്രമണം തുടരുന്നു. ഇതുവരെ 119 തവണ സൗദിക്ക് നേരെ മിസൈല്‍ ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ട്. യമനിലെ ഹൂത്തികള്‍ കഴിഞ്ഞ ദിവസം രാത്രിയും സൌദിക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി. സൗദിയിലെ നജ്റാന് ലക്ഷ്യമാക്കി വന്ന മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തു. ജനവാസ കേന്ദ്രമായിരുന്നു ഹൂത്തി ഭീകരവാദികളുടെ ലക്ഷ്യമെന്നു സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

ഇറാന്‍റെ സഹായത്തോടെ ഹൂത്തികള്‍ നടത്തുന്ന മിസൈല്‍ ആക്രമണത്തിനെതിരെ സൗദി ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വക വെക്കാതെയാണ്‌ വീണ്ടും ഹൂത്തികളുടെ ആക്രമണം. ഹൂത്തികള്‍ ഇതിനു കനത്ത വില നല്‍കേണ്ടി വരുമെന്ന് തുര്‍ക്കി അല്‍ മാലികി ആവര്‍ത്തിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ജിസാന്‍, റിയാദ് എന്നീ നഗരങ്ങള്‍ക്ക് നേരെ വന്ന മിസൈലുകളും സൗദി തകര്‍ത്തിരുന്നു. ഇതുവരെ 119 തവണ ഹൂത്തികള്‍ സൌദിക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്‌.

അതേസമയം, മിസൈലുകള്‍ തകര്‍ക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന വീഡിയോ സൗദി പ്രതിരോധ വിഭാഗം പുറത്ത് വിട്ടു.
യമനിലെ ഹൂത്തികള്‍ സൌദിക്ക് നേരെ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന മിസൈല്‍ ആക്രമണങ്ങളെ എങ്ങിനെയാണ് പ്രതിരോധിക്കുന്നത് എന്നാണ് സൗദി പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട വീഡിയോയില്‍ ഉള്ളത്.

സൗദിയെ ലക്ഷ്യമാക്കി വരുന്ന മിസൈലുകള്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിനു മുമ്പ് തന്നെ സൌദിസേന തകര്‍ക്കുന്ന രീതി ഇതില്‍ ചിത്രീകരിക്കുന്നു. മിസൈല്‍ തൊടുത്തു വിട്ട ഉടന്‍ തന്നെ അത് കണ്ടെത്താന്‍ ഇത് വഴി സാധിക്കും. സമുദ്ര നിരപ്പില്‍ നിന്നും നൂറു കിലോമീറ്ററിന് മുകളില്‍ ആണെങ്കിലും മിസൈല്‍ തകര്‍ക്കാനുള്ള ശേഷി ഈ സംവിധാനത്തിനുണ്ട്. മിസൈല്‍ ആക്രമണങ്ങളെ നിരീക്ഷിക്കാനും പ്രതിരോധിക്കാനും ഇരുപത്തിനാല് മണിക്കൂറും സൈന്യം ജാഗ്രത കാണിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. അതോടൊപ്പം മിസൈലുകളുടെ ഉത്ഭവസ്ഥലം കണ്ടെത്തി നശിപ്പിക്കാന്‍ വ്യോമസേനയും സജ്ജമാണ്.