കണക്കുകള്‍ അനുസരിച്ച് 500,000 അഭയാര്‍ഥികളെയും ആയിരക്കണക്കിന് യസീദികളെയും ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിലും സിറിയയിലുമായി കൊലപ്പെടുത്തിയിട്ടുണ്ട്. 

ബാഗ്ദാദ് : ഇസ്ലാമിക സ്റ്റേറ്റ് ഭീകരുടെ തടവില്‍ നിന്നും രക്ഷപ്പെട്ട യസീദി വംശജയായ പെണ്‍കുട്ടിയുടെ തുറന്ന് പറച്ചില്‍ വൈറലാകുന്നു. കണക്കുകള്‍ അനുസരിച്ച് 500,000 അഭയാര്‍ഥികളെയും ആയിരക്കണക്കിന് യസീദികളെയും ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിലും സിറിയയിലുമായി കൊലപ്പെടുത്തിയിട്ടുണ്ട്. 

ചെറുപ്പക്കാരായ യസീദി സ്ത്രീകളെ ഐഎസ് ഉപയോഗിക്കുന്നത് കൂടുതലും ലൈംഗിക ആവശ്യങ്ങള്‍ക്കാണ്. ലൈംഗീക അടിമകളാകുന്ന സ്ത്രീകള്‍ക്ക് ഐഎസിന്റെ ക്രൂരതയ്ക്ക് നിത്യേന ഇരയാകുന്നു. ഇത്തരത്തില്‍ ഒരു യസീദി പെണ്‍കുട്ടിയുടെ വാക്കുകള്‍ ഡെയ്വി മെയില്‍ പത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യസീദികള്‍ കൂടുതലായി അധിവസിച്ച വടക്കന്‍ ഇറാക്കിലെ സിന്‍ജാര്‍ പ്രവിശ്യ 2014 ല്‍, ഐഎസ് ആക്രമിച്ച് പിടിച്ചടക്കുകയായിരുന്നു. സിന്‍ജര്‍ മേഖല ഐഎസ് പിടച്ചടക്കിയതിനു ശേഷം അനുഭവിച്ച നരകയാതനയെ അതിജീവിച്ച പെണ്‍കുട്ടിയുടെ വാക്കുകളാണ് ഞെട്ടിപ്പിക്കുന്നത്. '' പതിമൂന്നുകാരിയായ ഒരു യസീദി പെണ്‍കുട്ടിയായിരുന്നു ഞാന്‍. 

റക്കാ നഗരത്തിലെത്തിച്ച ഐഎസ് എന്നെ അവരുടെ ലൈംഗീക അടിമയാക്കി. സിറിയന്‍ തീവ്രവാദിക്കും കുടുംബാംഗങ്ങള്‍ക്കും പാചകം ചെയ്യാനും വീട് വൃത്തിയാക്കാനും വസ്ത്രം കഴുകാനും ഞാന്‍ നിര്‍ബന്ധിതയായി. അവരുടെ ലൈംഗീക ആവശ്യങ്ങള്‍ നിറവേറ്റുക എന്നതായിരുന്നു എന്നെപ്പോലെയുള്ളവരുടെ ജോലി.'' - പെണ്‍കുട്ടി പറയുന്നു.

റക്കാ, സിറിയ, മുസോള്‍, ഇറാക്ക് എന്നിവിടങ്ങളില്‍ യസീദി പെണ്‍കുട്ടികളെ വാങ്ങാനും വില്‍ക്കാനും മാര്‍ക്കറ്റുകള്‍ ഉണ്ട്. ദൈനംദിന വിപണി സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ കൂടുതല്‍ തെരഞ്ഞെടുക്കുന്നത് എട്ടു വയസ്സിനു താഴെയുള്ളവരെ ആയിരിക്കും എന്നും പെണ്‍കുട്ടി പറയുന്നു. അടുത്തകാലത്തായി സാമ്പത്തികമായും സൈനികമായും തിരിച്ചടികള്‍ നേരിട്ട ഐഎസ് തങ്ങളുടെ പക്കലുള്ള പല ലൈംഗിക അടിമകളെയും മോചിതരാക്കിയിരുന്നു.