ദില്ലി: ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം 11 ദിവസങ്ങള്‍ കൊണ്ടാണ് ബലാക്കോട്ട് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം ആസൂത്രണം ചെയ്തതെന്ന് റിപ്പോര്‍ട്ട്. 40 ജവാന്‍മാര്‍ ജീവത്യാഗം ചെയ്ത പുല്‍വാമ ആക്രമണം കഴിഞ്ഞ് ഫെബ്രുവരി 15ന് തന്നെ വ്യോമസേനാ മേധാവി ബിഎസ് ധനോവ ആക്രമണ പദ്ധതി റിപ്പോര്‍ട്ട്  സമര്‍പ്പിച്ചു. 

വ്യോമാക്രമണം നടത്താമെന്നായിരുന്നു ധനോവ മുന്നോട്ടുവച്ച ആക്രമണ പദ്ധതി. ഫെബ്രുവരി 16 മുതല്‍ 20 വരെ ഇന്ത്യന്‍ വ്യോമസേന ഹെറോണ്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വ്യോമനിരീക്ഷണം നടത്തി. ഇന്‍റലിജന്‍സ് ഏജന്‍സിയുടെ സഹായത്തോടെ ആക്രമണം നടത്തേണ്ട പ്രദേശങ്ങളും ഭീകര ക്യാംപുകളും കണ്ടെത്തി ടാര്‍ഗറ്റ് ടേബിളുണ്ടാക്കി. 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലായിരുന്നു ആക്രമണം നടത്തേണ്ട ലക്ഷ്യത്തെ കുറിച്ച് വിശദീകരിച്ചത്. 22-ന് വ്യോമസേനയുടെ സ്ക്വാഡ്രോണ്‍ 1 (ടൈഗേഴ്സ്), സ്ക്വാഡ്രോണ്‍ 7 (ബാറ്റില്‍ ആക്സസ്) എന്നീ സ്ക്വാഡ്രോണുകളെ ഒരുക്കി നിര്‍ത്തി. ഫെബ്രുവരി 24-ന് ആഗ്രയില്‍ ട്രയല്‍ നടന്നു. 

 ഹരിയാനയിലെ അംബാലയിലെ എയര്‍ബേസിൽ നിന്നാണ് 12 മിറാഷ്-2000 വിമാനങ്ങളോടെ വ്യോമസേനാ സംഘം പുറപ്പെട്ടത്. പാക് മണ്ണിലെ മൂന്ന് ഭീകര കേന്ദ്രങ്ങൾ തകര്‍ത്ത സംഘം മുപ്പത് മിനിറ്റിനകം  ഓപ്പറേഷൻ അവസാനിപ്പിക്കുകയും ചെയ്തു.  21 മിനിറ്റ് നീണ്ട ഓപ്പറേഷന്‍ ആണ് പാക് മണ്ണിൽ വ്യോമസേന നടത്തിയത്. മൂന്നിടങ്ങളിലെ ഭീകര ക്യാമ്പുകൾ ഇന്ത്യ തകര്‍ത്തു. ആദ്യ ആക്രമണം ബലാകോട്ടിലായിരുന്നു. ഇന്ത്യ പാക് അതിര്‍ത്തിക്കപ്പുറമുള്ള ബാലാകോട്ട് മേഖല ജെയ്ഷെ മുഹമ്മദിന്‍റെ പ്രധാന ആസ്ഥാനങ്ങളിൽ ഒന്നാണ്.   

പുലര്‍ച്ചെ 3:45ന് ആക്രമണം തുടങ്ങിയ ഇന്ത്യൻ വ്യോമസേന ജെയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ തോയിബ , ഹിസ്ബുള്‍ മുജാഹിദ്ദിന്‍ എന്നിവയുടെ സംയുക്തക്യാമ്പ് തകര്‍ത്തു. പിന്നീട് പുലര്‍ച്ചെ 3:48 മുതൽ 3:53 വരെ മുസഫറബാദിലെ ഭീകര ക്യാമ്പുകളിലേക്കും സൈനിക നടപടിയുണ്ടായി. പുലര്‍ച്ചെ 3:58ന് ചകോതിയിലെത്തിയ സംഘം 4:04 വരെ ആക്രമണം നടത്തി. ചകോതിയിലെ ഭീകര ക്യാമ്പുകളും തകര്‍ത്ത് ഇന്ത്യന്‍ സംഘം മടങ്ങി. 

ഉറി, പഠാൻകോട്ട് ഭീകരാക്രമണങ്ങൾക്ക് പിന്നാലെ ഇന്ത്യ മിന്നലാക്രമണം നടത്തിയിരുന്നു. അന്ന് കരസേന പാക് അധീന പ്രദേശത്തേക്ക് കടന്ന് കയറി ആക്രമണം നടത്തി സുരക്ഷിതമായി മടങ്ങി എത്തുകയും ചെയ്തിരുന്നു. കരസേനയുടെ ഇത്തരം ആക്രമണം മുന്നിൽ കണ്ട് പാകിസ്ഥാൻ ചെറുത്ത് നിൽപ്പിനുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകാൻ ഇന്ത്യ ഒരുങ്ങിയതെന്നാണ് വിവരം.