മുഹമ്മദ് സലയുടെ ഔദ്യോഗിക ജേഴ്സി വാങ്ങാന്‍ ഈജിപ്റ്റുകാര്‍ ഒന്‍പത് ദിവസം ജോലി ചെയ്യണം

മോസ്കോ: ലോകം മുഴുവന്‍ ഒരു പന്തിന് പുറകെ ആവേശത്തില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങി ലോകത്തിന്‍റെ ഏതെല്ലാം കോണില്‍ മനുഷ്യവാസമുണ്ടോ അവിടങ്ങളിലെല്ലാം ഇപ്പോള്‍ കാല്‍പ്പന്ത് ജ്വരമാണ്. ലോകകപ്പ് നാളുകളില്‍ സാധാരണ ഏതൊരു കളി ആരാധകനും തന്‍റെ ഇഷ്ട ടീമിന്‍റെ ഒരു ജേഴ്സിയെങ്കിലും വാങ്ങാന്‍ താത്പര്യപ്പെടാറുണ്ട്. എന്നാല്‍ ഒരു ഔദ്യോഗിക ജേഴ്സി കിറ്റിന്‍റെ ഭാഗമായ ടീ ഷര്‍ട്ട് വാങ്ങുകയെന്നത് എല്ലാ രാജ്യക്കാര്‍ക്കും അത്ര എളുപ്പമുളള കാര്യമല്ല. 

സ്വിറ്റ്സർലണ്ട് ഡെന്‍മാര്‍ക്ക് പോലെയുളള രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഒരു വ്യക്തിക്ക് തന്‍റെ ദിവസ വരുമാനത്തിന്‍റെ പകുതികൊണ്ട് മാത്രം തങ്ങളുടെ ടീമിന്‍റെ ഔദ്യോഗിക ജേഴ്സി വാങ്ങാം. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന ശാരാശരി ദിവസ വരുമാനം വച്ച് കണക്കാക്കുമ്പോള്‍ ഒന്നര ദിവസം ജോലി ചെയ്താല്‍ മാത്രമാണ് തനിക്ക് ഇഷ്ടപ്പെട്ട ടീമിന്‍റെ ഔദ്യോഗിക ജേഴ്സി വാങ്ങാന്‍ സാധിക്കുക. ലാറ്റിനമേരിക്കയില്‍ സ്ഥിതി കുറച്ചുകൂടി പ്രയാസമാണ് 3.1 ദിവസം ജോലി ചെയ്താല്‍ മാത്രമേ ഔദ്യോഗിക ജേഴ്സി വാങ്ങാന്‍ കഴിയൂ. നോര്‍ത്ത് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ 3.2 ദിവസം തൊഴിലിടത്തില്‍ വിയര്‍പ്പൊഴുക്കിയാല്‍ മാത്രമാണ് ജേഴ്സി വാങ്ങാനാവുക.

ആഫ്രിക്കന്‍ രാജ്യങ്ങളിലുളളവര്‍ക്ക് 13.8 ദിവസം തൊഴിലിടത്തില്‍ പണിയെടുക്കണം സ്വന്തം രാജ്യത്തിന്‍റെ ജേഴ്സി വാങ്ങാനുളള പണം പോക്കറ്റിലെത്തിക്കാന്‍. സെനഗലുകാരുടെ കാര്യമാണ് കൂട്ടത്തില്‍ ഏറ്റവും കഷ്ടം 25.5 ദിവസം തൊഴിലിടത്തില്‍ കഷ്ടപ്പെടണം ഒരു ഔദ്യോഗിക ടീ ഷര്‍ട്ട് വാങ്ങി ധരിക്കാന്‍. നൈജീരിയക്കാര്‍ക്ക് 13.7 ദിവസം വേണം ജേഴ്സി വാങ്ങാന്‍. ഈജിപ്റ്റിന്‍റെ സൂപ്പര്‍ താരം മുഹമ്മദ് സലയുടെ ജേഴ്സിയും ധരിച്ചുകൊണ്ട് കളികാണാമെന്ന് വിചാരിച്ചാല്‍ അതിന് ഒന്‍പത് ദിവസത്തെ അധ്വാനത്തിലൂടെ നേടിയെടുത്ത പണം മുടക്കണം ഒരു ശരാശരി ഈജിപ്റ്റുകാരന്‍‍.