ദില്ലി: പതിനെട്ടു മണിക്കൂറില്‍ ഒരു സ്ത്രീ വീതം ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു നഗരം. രാജ്യതലസ്ഥാനമായ ദില്ലിയിൽ അതിക്രമത്തിനിരയായ സ്ത്രീകളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ 6 വർഷത്തിനിടെ ബലാത്സംഗക്കേസുകളുടെ എണ്ണം 200 ശതമാനത്തിലേറെയാണ് കൂടിയത്. ദില്ലി പൊലീസ് പുറത്ത് വിട്ട കണക്കുകളാണ് ഈക്കാര്യം വ്യക്തമാക്കുന്നത്

കഴിഞ്ഞ ജൂൺ 19 തീയ്യതി 48 മണിക്കൂറിനിടെ ദില്ലി നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ബലാത്സംഗങ്ങളുടെ എണ്ണം 7. സ്ത്രീകളെ തട്ടികൊണ്ടു പോയി ബലാത്സംഗം ചെയ്തതിനു ശേഷം വഴിയിൽ ഉപേക്ഷിച്ച സംഭവങ്ങളായിരുന്നു ഇതിൽ അഞ്ചെണ്ണം. ദില്ലിയിൽ ഇപ്പോൾ ഇത്തരം ബലാത്സംഗ വാർത്തകൾ പുതുമയല്ലാതായി മാറിയിരിക്കുന്നു. അതിന്‍റെ തെളിവാണ് കൂടിവരുന്ന ഈ കണക്കുകൾ,. 

2011 ൽ 572 ബലാത്സംഗ കേസ്സുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥാനത്ത് 2016 ൽ 2155ആയി ഈ വർഷം ജൂൺ വരെ മാത്രം റിപ്പോ‍ർട്ട് ചെയ്ത കേസുകൾ 836 എണ്ണം. ഇതിൽ 87 എണ്ണത്തിൽ ഇരയായത് 18 വയസ്സിൽ താഴെയുള്ള കുട്ടികൾ. ഇവയിൽ പകുതിയിൽ താഴെ കേസുകളിൽ മാത്രമേ പ്രതികളെ പിടികൂടാനായുളളൂ എന്നത് നാണക്കേട് ഇരട്ടിയാക്കുന്നു.

നിർഭയ കൂട്ടബലാത്സംഗത്തിനു ശേഷം കൊട്ടിഘോഷിച്ച് ദില്ലിയിൽ നടപ്പാക്കിയത് കോടിക്കണക്കിന് രൂപയുടെ സ്ത്രീസുരക്ഷാപദ്ധതികളാണ്. സുരക്ഷയക്കായി ഏർപ്പെടുത്തിയ 161 ഹെൽപ് ഡെസ്കുകളും വനിതാപൊലീസിന്‍റെ രാത്രികാല പെട്രോളിങ്ങും ഒന്നും സ്ത്രീകൾക്ക് നിർഭയമായി ജീവിക്കാൻ സാഹചര്യമൊരുക്കിയില്ല എന്ന് തെളിയിക്കുകയാണ് ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങൾ