കൊച്ചി: പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കമ്പനിക്ക് തീപിടിച്ചു.  രാവിലെ ആറ് മണിയോടെയാണ് പെരുമ്പാവൂരിലുള്ള ഫാക്ടറിക്ക് തീപിടിച്ചത്. ഉപയോഗിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ശേഖരിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്. നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തിയിട്ടും തീയണയ്ക്കാനായില്ല. കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.

ഈസ്റ്റ് ഒക്കല്‍ ആന്റോ പുരത്ത് അങ്കമാലി മാമ്പ്ര സ്വദേശി അന്‍വറിന്റെ നേതൃത്വത്തിലുള്ള കമ്പനിക്കാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. കമ്പനിയുടെ പരിസരം ജനവാസ മേഖലയായതിനാല്‍ സമീപ പ്രദേശങ്ങളിലേയ്ക്ക് തീ പടരാതിരിക്കുന്നതിനുള്ള ശ്രമം നടത്തിവരികയാണ്.അപകടത്തില്‍ ഇതുവരെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിനു കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ലൈസന്‍സില്ലാതെയാണ് കമ്പനി പ്രവര്‍ത്തിച്ചുവന്നതെന്നാണ് സൂചന.