ബസിനെതിരെയുള്ള അക്രമങ്ങളില്‍ ബോഡിക്ക് കേടുപാട് വന്നതും ഗ്ലാസ് തകര്‍ന്നതിനും ഓരോ ബസിനും 50,000 രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസി കണക്കാക്കുന്നത്. ഇങ്ങനെ 24 ബസുകള്‍ക്കായി 12 ലക്ഷത്തിന്‍റെ നഷ്ടമുണ്ടായി
തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 50 ലക്ഷം രൂപ. വിവിധ പ്രതിഷേധങ്ങളിലായി 24 ബസുകളാണ് നശിപ്പിക്കപ്പെട്ടത്. ഇത്രയും പ്രാഥമിക കണക്കാണെന്ന് കെഎസ്ആര്‍ടിസി അധിതൃതര്‍ അറിയിച്ചു. മിന്നല്‍, സൂപ്പര്‍ ഡീലക്സ്, ഡീലക്സ് ബസുകളാണ് തകര്‍ക്കപ്പെട്ടത്.
കോഴിക്കോടിനും തൃശൂരിനും ഇടയിലുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ ബസുകള്‍ നശിപ്പിക്കപ്പട്ടതെന്നും അധികൃതര്‍ വിശദീകരിച്ചു. ബസിനെതിരെയുള്ള അക്രമങ്ങളില്‍ ബോഡിക്ക് കേടുപാട് വന്നതും ഗ്ലാസ് തകര്‍ന്നതിനും ഓരോ ബസിനും 50,000 രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസി കണക്കാക്കുന്നത്.
ഇങ്ങനെ 24 ബസുകള്‍ക്കായി 12 ലക്ഷത്തിന്‍റെ നഷ്ടമുണ്ടായി. ഇത് കൂടാതെ ഒരു ദിവസത്തെ വരുമാന നഷ്ടം 10,000 രൂപയാണ്. 24 ബസുകളുടെ മാത്രം വരുമാന നഷ്ടം 2,40,000 രൂപയാണ്. ആകെ കെഎസ്ആര്‍ടിസിക്ക് ലഭിച്ച വരുമാനത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച 6.03 കോടി ശരാശരി ഒരുദിവസം വരുമാനം ഉണ്ടായപ്പോള്‍ ഈ ആഴ്ച നഷ്ടം 4.21 കോടി രൂപയാണെന്നും അധികൃതര്‍ പറഞ്ഞു. ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സീസണ്‍ സര്‍വീസിലും കെഎസ്ആര്‍ടിസി നഷ്ടമാണ് നേരിടുന്നത്. ആക്രമിക്കപ്പെട്ട ബസുകളുടെ പൊലീസ് നടപടികളും അറ്റകുറ്റപണികളും പൂര്‍ത്തിയാക്കണമെങ്കില്‍ ഒരാഴ്ചയെടുക്കും. ഇതെല്ലാം പരിഗണിക്കുമ്പോഴാണ് 50 ലക്ഷത്തിന്‍റെ നഷ്ടം കെഎസ്ആര്‍ടിസി നഷ്ടം കണക്കാക്കുന്നത്.
