കണ്ണൂര്‍: കണ്ണൂര്‍ പുതിയതെരുവില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അമ്പതിനായിരം പാക്കറ്റ് നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന ലഹരി വസ്തുക്കളാണ് വളപട്ടണം പൊലീസ് പിടിച്ചെടുത്തത്. വില്‍പ്പനക്കാരായ രണ്ട് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്‌കൂള്‍ പരിസരങ്ങളിലടക്കമുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പന തടയാനായി നടത്തിയ റെയ്ഡിലാണ് ജില്ലയുടെ മറ്റുഭാഗങ്ങളില്‍ വില്‍പ്പനക്ക് കൊണ്ട് വന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. വിവിധ പാക്കറ്റുകലളിലായി പല പേരിലും നിറത്തിലുമുള്ള വസ്തുക്കളെല്ലാം കേരളത്തില്‍ നിരോധിച്ചവയാണ്. ഒരാളെ പുതിയതെരു ഗോഡൗണില്‍ നിന്നും രണ്ടാമത്തെയാണ് വില്‍പ്പനക്കായി പോകുന്നതിനിടെ റെയില്‍വേസ്റ്റേഷനില്‍ വെച്ചുമാണ് കസ്റ്റഡിയിലെടുത്തത്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാജ്കുമാര്‍, അഖിലേഷ് എന്നിവരാണ് പിടിയിലായത്.

ഗോഡൗണില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിക്കുന്ന ഇവ ഇരട്ടിയിലധികം വിലക്കാണ് കേരളത്തില്‍ വില്‍പ്പന നടത്തുന്നത്. ഏതായാലും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലഹരി തടയാനായി കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം.