സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും സ്വന്തമായി പഠിച്ച് മകന് നേടിയ വിജയത്തിന് ഇരട്ടിമധുരമെന്ന് അച്ഛന്‍.
തിരുവനന്തപുരം: ആലിംഗന വിവാദത്തെ തുടര്ന്ന് സ്കൂളില് നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്ത്ഥിക്ക് പ്ലസ് ടൂവില് മികച്ച വിജയം. പ്രതിസന്ധികളെയെല്ലാം മറികടന്നുള്ള മകന്റെ നേട്ടത്തില് അഭിമാനമുണ്ടെന്ന് അച്ഛന് അരുൺ മിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയമപഠനത്തിനായുള്ള തയ്യാറെടുപ്പിന്റെ തിരക്കിലാണ് വിദ്യാര്ത്ഥി.
പ്ലസ് ടൂ പരീക്ഷ ജീവിതത്തിലെ പരീക്ഷണക്കാലമായിരുന്നു തിരുവനന്തപുരം കുമാരപുരം സ്വദേശി അരുൺ മിത്രയുടെ മകന്. സഹപാഠികള് ഒരു നിമിഷം പോലും പാഴാക്കാതെ പഠനത്തില് ശ്രദ്ധിച്ചപ്പോള്, പരീക്ഷ എഴുതുന്നത് തന്നെ അനിശ്ചിതത്ത്വത്തിലായിരുന്നു ഈ പ്ലസ്ടൂക്കാരന്. സ്കൂളില് നിന്ന് പുറത്താക്കപ്പെട്ടെങ്കിലും സ്വന്തമായി പഠിച്ച് മകന് നേടിയ വിജയത്തിന് ഇരട്ടിമധുരമെന്ന് അച്ഛന്.
കഴിഞ്ഞ ജൂലൈലാണ് വിവാദങ്ങളുടെ തുടക്കം. കലോത്സവത്തില് വിജയിച്ച സഹപാഠിയായ പെൺകുട്ടിയെ ആലിംഗനം ചെയ്തതിന് സ്കൂള് അധികൃതര് കൈക്കൊണ്ട കടുത്ത അച്ചടക്കനടപടിക്ക് എതിരെ ദേശീയതലത്തില് വരെ വ്യാപക പ്രതിഷേധമുയര്ന്നു. ബാലാവകാശ കമ്മീഷനും ഹൈക്കോടതിയുമടക്കം പ്രശ്നത്തില് ഇടപെട്ടു. ഒടുവില് ശശി തരൂര് എംപിയുടെ മധ്യസ്ഥതയില് നടത്തിയ ചര്ച്ചയില് സ്കൂള് അധികൃതര് വിട്ടുവീഴ്ചയ്ക്ക് സമ്മതംമൂളിയതോടെ ഒത്തുതീര്പ്പിലെത്തി. വിവാദങ്ങളില് തളരാതെ നേടിയെടുത്ത വിജയം തുടര്പഠനത്തിലും ആവര്ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് വിദ്യാര്ത്ഥി.
