ബെൽജിയം നായകൻ ഈഡൻ ഹസാർഡ് പരുഷമായ ഭാഷയിലാണ് ഫ്രാൻസിനെ ആക്രമിച്ചത്
മോസ്ക്കോ: കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിട്ടും ബോറൻ കളിയെന്ന ആക്ഷേപം കേൾക്കേണ്ട ഗതികേടിലാണ് ഫ്രാൻസ് ടീം. ബെൽജിയം താരങ്ങള്‍ക്കൊപ്പം ഫ്രാന്‍സിന്‍റെ വിമര്‍ശകരും കൂടിയായതോടെ ആക്ഷേപം പൊടിപൊടിക്കുകയാണ്. ജയിക്കാൻ പ്രതിരോധിക്കുക മാത്രമായിരുന്നു ഫ്രാൻസിന്‍റെ കളി. നെഗറ്റീവ് ഫുട്ബോളിന്‍റെ വക്താക്കളായി ഫ്രാൻസ് മാറിയെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.
ബെൽജിയം നായകൻ ഈഡൻ ഹസാർഡ് പരുഷമായ ഭാഷയിലാണ് ഫ്രാൻസിനെ ആക്രമിച്ചത്. ഒരു കോർണറിന് തലവച്ചു. പിന്നെ പ്രതിരോധം. മറ്റൊന്നും ഫ്രാൻസ് ചെയ്തില്ലെന്ന് ബെൽജിയം ഗോൾ കീപ്പർ കോട്‍വയും തുറന്നടിച്ചു.. ബ്രസീലിനോട് തോൽക്കുന്നതായിരുന്നു ഇതിലും ഭേദമെന്നായുരുന്നു കോട്‍വയുടെ മറ്റൊരു പരാമര്‍ശം.
ആക്ഷേപങ്ങൾ കളിക്കാരിൽ നിന്നും ആരാധകരിൽ നിന്നും ഉയരുമ്പോഴാണ് മറുപടിയുമായി ഫ്രഞ്ച് നായകൻ ഹ്യൂഗോ ലോറിസ് രംഗത്തെത്തിയത്. ഏതു രീതിയിലും കളിക്കാവുന്ന തരത്തിൽ ദെഷാംപ്സ് ടീമിനെ മാറ്റിയെടുത്തെന്നാണ് ലോറിസിന്‍റെ വാദം. ചില കളികളിൽ പന്ത് കുറച്ചു സമയം മാത്രമാണ് കൈവശം വച്ചത്. പക്ഷേ ഞങ്ങൾക്ക് ജയിക്കാനായി. മറ്റവസരങ്ങളിൽ നന്നായി കളിക്കാനും ടീമിനായി. എല്ലാവരും ടീമിനായി സംഭാവന നൽകുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും ജയിക്കുക എന്നത് ഏറ്റവും വലുതെന്നും അദ്ദേഹം ചൂണ്ടികാട്ടി. ആരോപണങ്ങളെ ജയം കൊണ്ട് മറികടക്കാനാകുമെന്ന് ഫ്രാൻസ് പ്രതീക്ഷിക്കുന്നു.
