സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ശിക്ഷാര്‍ഹം സിനിമയില്‍ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണം

തിരുവനന്തപുരം: മദ്യപാനം പുകവലി എന്നിവ ആരോഗ്യത്തിനു ഹാനികരം എന്ന് പ്രദര്‍ശിപ്പിക്കുന്നപോലെ ഇനി മുതല്‍ സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കാണിക്കുമ്പോള്‍ 'സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ശിക്ഷാര്‍ഹമെന്ന' മുന്നറിയിപ്പ് നല്‍കണമെന്ന വ്യത്യസ്ഥ ഉത്തരവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സിനിമകള്‍ അത്തരം രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് സമൂഹത്തിനു തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

ലോക വനിതാ ദിനത്തിന്‍റെ ഭാഗമായാണ് മനുഷ്യാവകാശ കമ്മീഷന്‍റെ വ്യത്യസ്ഥ ഉത്തരവ്. ഈ ഉത്തരവ് മുംബയിലെ കേന്ദ്ര വാര്‍ത്ത മന്ത്രാലയത്തിന്‍റെ കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് കമ്മീഷന് മറുപടി നല്‍കി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി.മോഹന്‍ദാസാണ് ശ്രദ്ധേയമായ ഉത്തരവ് ഇറക്കിയത്. ഇത് സംബന്ധിച്ചു സംസ്ഥാന സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഉടന്‍ വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. 

നിലവില്‍ മദ്യപാന രംഗങ്ങള്‍, പുകവലി രംഗങ്ങള്‍ എന്നിവ സിനിമയില്‍ കാണിക്കുമ്പോള്‍ അത് ആരോഗ്യത്തിനു ഹാനികരം എന്ന നിലയില്‍ മുന്നറിയിപ്പ് കൂടി പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതുപോലെ ബലാല്‍സംഗം, സ്ത്രീകള്‍ക്ക് നേരെയുള്ള ശാരീരിക ഉപദ്രവം, കരണതടിക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷെഫിന്‍ കവടിയാര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. 

മുന്നറിയിപ്പ് പ്രദര്‍ശിപ്പികുന്നതിലൂടെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരായ ബോധവല്‍ക്കരണം ശക്തമാകുമെന്ന് കമ്മീഷന്‍ ചൂണ്ടികാണിക്കുന്നു. ഇത്തരം മുന്നറിയിപ്പ് നല്‍കാന്‍ 1952ലെ സിനിമറ്റോഗ്രാഫ് നിയമത്തില്‍ ഭേതഗതി വരുത്തണം. ഇതിനുള്ള അധികാരം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിനാണ്. അതിനാല്‍ മന്ത്രാലയത്തിന്‍റെ പ്രതികരണം കൂടി ലഭിച്ച ശേഷമാകും തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കുക.