നിയമ പ്രകാരം ചെയ്യേണ്ട ജോലി മാത്രമാണ് ചെയ്തത് എ.വി. ജോർജ്ജ് എത്ര വലിയ ഉദ്യോഗസ്ഥൻ ആയാലും അയാൾ കുറ്റാരോപിതനാണ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷൻ. പരിധി വിട്ടിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ. പറഞ്ഞത് സർക്കാരിനെതിരെയല്ലെന്ന് പി മോഹനദാസ് പറഞ്ഞു. 'ഉദ്യോഗസ്ഥർക്കെതിരെയാണ് പരാമർശം നടത്തിയത് ' . 'എ വി ജോർജ്ജിനെ പരിശീലന ക്യാമ്പിലേക്ക് മാറ്റിയത് ശരിയായില്ല'. ഇതിനെതിരെയാണ് താൻ പറ‍ഞ്ഞത് . എത്ര വലിയ ഉദ്യോഗസ്ഥനായാലും ചെയ്തത് തെറ്റ്. സർക്കാർ കമ്മീഷന്റെ പ്രവർത്തനത്തിന് സഹായം ഒന്നും നൽകുന്നില്ല. ഭരണഘടനാ നീതി നിഷേധിക്കുന്ന സ്ഥിതിയെന്നും മോഹനദാസ് വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കാൻ അവകാശമുണ്ടെന്നും സിബിഐ അന്വേഷിക്കണം എന്ന് തന്നെയാണ് നിലപാടെന്നും കമ്മീഷന്‍ വിശദമാക്കി. 

മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും രൂക്ഷമായ വിമര്‍ശനം നടത്തിയ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ പ്രതികരണം. ചെയർമാൻ സ്ഥാനം രാജിവെച്ചു രാഷ്ട്രീയത്തിൽ ഇറങ്ങുന്നതാണ് നല്ലതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ നേതാവിനെ പോലെ പെരുമാറുന്നത് ശരിയല്ലെന്നും കസ്റ്റഡിയിൽ എടുക്കുന്ന പ്രതികളോട് അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്‌ഥർ സർവീസിൽ ഉണ്ടാവില്ലെന്നും കോടിയേരി വിശദമാക്കി. 

നേരത്തെ കമ്മീഷൻ അധ്യക്ഷൻ അദ്ദേഹത്തിന്റെ പണി എടുത്താൽ മതിയെന്നും മുൻകാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിൽ പ്രസ്താവന നടത്തരുതെന്നും പിണറായി പറഞ്ഞു. ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിൽ മൗനം വെടിഞ്ഞ മുഖ്യമന്ത്രി സംഭവത്തിൽ സർക്കാറിനെ നിരന്തരം വിമർശിച്ച മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ പി. മോഹനദാസിനെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തിയിരുന്നു.