ഇക്കഴിഞ്ഞ 26നാണ് ഗുജറാത്തിലെ ബട്ടോഡയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് ദാരുണമായ സംഭവം നടന്നത്. പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീയെ സിസേറിയന്‍ നടത്തുന്നതിനായി ഡോക്ടര്‍ മദ്യപിച്ച് എത്തുകയായിരുന്നു
ദില്ലി: ഗുജറാത്തില്‍ മദ്യപിച്ച് സിസേറിയന്‍ നടത്തിയതിനെ തുടര്‍ന്ന് സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കുരുക്ക് മുറുകുന്നു. സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍.
ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കുമാണ് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. സംഭവത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടും ഡോക്ടര്‍ക്കെതിരായ കേസിന്റെ നിലവിലെ അവസ്ഥയുമാണ് സര്‍ക്കാര്‍ അറിയിക്കേണ്ടത്.
ഇക്കഴിഞ്ഞ 26നാണ് ഗുജറാത്തിലെ ബട്ടോഡയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് ദാരുണമായ സംഭവം നടന്നത്. പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീയെ സിസേറിയന്‍ നടത്തുന്നതിനായി ഡോക്ടര്‍ മദ്യപിച്ച് എത്തുകയായിരുന്നു. തുടര്‍ന്ന് സിസേറിയനിടയില്‍ സ്ത്രീയും കുഞ്ഞും മരിച്ചു.
സ്ത്രീയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഡോക്ടറെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് നടത്തിയ രക്ത പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായും തെളിഞ്ഞിരുന്നു. ഇപ്പോള്‍ പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പ്രതിനിധികള്‍ അറിയിച്ചു.
