നൈജീരിയയിൽ നിന്നുള്ള അഞ്ച് യുവതികളെയാണ് മന്ത്രവാദത്തിന്‍റെ പേരിൽ ലൈംഗിക തൊഴിൽ ചെയുന്നതിനായി ഇയാമു ഇറ്റലിയിലേക്ക് കയറ്റിയയക്കാന്‍ ശ്രമിച്ചത്.
ലണ്ടൻ: മന്ത്രവാദത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തി, ലൈംഗിക തൊഴിൽ ചെയ്യാനായി മനുഷ്യകടത്ത് നടത്താന് ശ്രമിച്ച കേസിൽ നഴ്സിന് 14 വർഷം തടവ്. ലൈബീരിയൻ സ്വദേശി ജോസഫൈൻ ഇയാമുവിനാണ് (51) ഇംഗ്ലണ്ടിലെ ബർമിങ്ങ്ഹാം ക്രൌണ് കോടതി തടവ് ശിക്ഷ വിധിച്ചത്. നൈജീരിയയിൽ നിന്നുള്ള അഞ്ച് യുവതികളെയാണ് മന്ത്രവാദത്തിന്റെ പേരിൽ ലൈംഗിക തൊഴിൽ ചെയുന്നതിനായി ഇയാമു ഇറ്റലിയിലേക്ക് കയറ്റിയയക്കാന് ശ്രമിച്ചത്.
യുവതികളെ ജർമനിയിലേക്ക് കടത്തുന്നതിനിടയിൽ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ പിന്നീട് ഇറ്റലിയിലെ ഒരു ക്യാമ്പിലേക്ക് മാറ്റി. ഇത്രയും ഹീനമായ നിയമലംഘനം നടത്തിയ പ്രതി കുറ്റകാരിയാണെന്ന് ജഡ്ജി റിച്ചാർഡ് ബോണ്ട് വ്യക്തമാക്കി. സ്ത്രീകൾ വടക്കേ ആഫ്രിക്ക, മെഡിറ്ററേനിയൻ, ഇറ്റലി എന്നിവിടങ്ങളിലേക്ക് മരണം മുന്നിൽ കണ്ടുക്കൊണ്ടാണ് യാത്ര ചെയ്തിരുന്നതെന്നും ജഡ്ജി പറഞ്ഞു.
പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗോത്ര വർഗത്തിന്റെ ആചാരമായ "ജുജു" ചടങ്ങിന് പണം നൽകാൻ നിർബന്ധിതരായതായി യുവതികൾ കോടതിയില് പറഞ്ഞു. കൂടാതെ കോഴിയുടെ ഹൃദയം കഴിക്കാനും പുഴുക്കളുടെ രക്തം കുടിക്കാനും തങ്ങളെ ഇയാമു നിർബന്ധിച്ചതായും യുവതികൾ കോടതിയില് പറഞ്ഞു.
