ഇടുക്കി: പ്രൗഢമായ ഒരു ഭൂതകാലമുണ്ടായിരുന്നു ഹൈറേഞ്ചിലെ മലനിരകള്‍ക്ക്. മറയൂരിലെ മുനിയറകള്‍ക്കും ശിലാലിഖിതങ്ങള്‍ക്കുമൊപ്പം ഹൈറേഞ്ചിന്റെ വിവിധ മേഖലകള്‍ ജനവാസ കേന്ദ്രങ്ങളും പ്രൗഢമായ സംസ്‌കാരവും നിലനിന്നിരുന്ന പ്രദേശങ്ങളുമായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍. ബി.സി അഞ്ചാം നൂറ്റാണ്ട് മുതല്‍ എ.ഡി ആറാം നൂറ്റാണ്ട് വരെ ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങള്‍ ജനവാസ കേന്ദ്രങ്ങളായിരുന്നു. ഇടുക്കിയുടെ മറവിയിലായ ഭൂതകാലത്തെക്ക് വെളിച്ചം വിതറുന്നതാണ് പുതിയ റിപ്പോര്‍ട്ട്.
2012 -ല്‍ രാമക്കല്‍മേട് തോവളപ്പടിയില്‍ നിന്ന് ലഭിച്ച അസ്ഥി കഷ്ണങ്ങള്‍ ബി.സി നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആളുടേതാണെന്ന് അമേരിക്കയിലെ ജോര്‍ജിയ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ശാസ്ത്രീയ പരീക്ഷണത്തില്‍ തെളിഞ്ഞു. ഇരുമ്പു യുഗത്തില്‍ ജില്ലയിലെ വിവിധ മേഖലകള്‍ ജനവാസ മേഖലകളായിരുന്നു എന്നതിന്റെ ആധികാരിക തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. രാമക്കല്‍മേട്, എഴുകുംവയല്‍, പുറ്റടി, കൊച്ചറ തുടങ്ങിയ പ്രദേശങ്ങളെല്ലാം ജനവാസ മേഖലകളായിരുന്നു. ഈ പ്രദേശങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള വീരകല്ലുകള്‍, നന്നങ്ങാടികള്‍, കല്ലറകള്‍, വണ്ടന്‍മേട്, അണക്കര, കൊച്ചറ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള റോമന്‍ നാണയങ്ങള്‍, ശിലാ ഉപകരണങ്ങള്‍, മറയൂരിലെ ഛായ ചിത്രങ്ങള്‍ തുടങ്ങി നിരവധി തെളിവുകള്‍ ഇന്നലെകളുടെ പ്രൗഢിയിലേയ്ക്കും അക്കാലഘട്ടത്തില്‍ നിലനിന്നിരുന്ന കൈമാറ്റ വ്യവസ്ഥതിയിലേയ്ക്കും വിരല്‍ ചൂണ്ടുന്നു.
ഇടുക്കിയുടെ ചരിത്രം കൂടുതല്‍ അറിയുന്നതിനായി നെടുങ്കണ്ടം എംഇഎസ് കോളജിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ ചരിത്രാന്വേഷണ പരിപാടികള്‍ നടന്നു വരികയാണ്. കഴിഞ്ഞ 11 ന് ആരംഭിച്ച സെമിനാറിന്റെ തുടര്‍ച്ചയായി കേരളാ ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ച് കൗണ്‍സിലിന്റെ മുന്‍ ചെയര്‍മാന്‍ ഡോ.പി.ജെ ചെറിയാന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും സഹകരണത്തോടെ ഗവേഷണങ്ങള്‍ നടന്നിരുന്നു. ഉടുമ്പന്‍ചോല താലൂക്കിലെ വിവിധ മേഖലകളില്‍ നിന്നും ലഭിച്ചിട്ടുള്ള ചരിത്രാവശിഷ്ടങ്ങള്‍ ആസ്പദമാക്കിയാണ് വിശദമായ ഗവേഷണം നടക്കുന്നത്.
പുരതാന കാലത്ത് ഉയര്‍ന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ജനവാസം ഉണ്ടായിരുന്നത്. ഇത്തരം പ്രദേശങ്ങളില്‍ ആവശ്യത്തിന് വെള്ളവും കൃഷിയും ഉണ്ടായിരുന്നു. ലോകത്തെ പുരാതന നഗരങ്ങളില്‍ പ്രമുഖ തുറമുഖ നഗരത്തിന്റെ വ്യാവസായിക അഭിവൃദ്ധിയ്ക്ക് കാരണം ഹൈറേഞ്ചിലെ മലനിരകള്‍ ആയിരുന്നു എന്നതിലേയ്ക്കാണ് തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത്. കള്ളന്‍മാരെ തടയുവാനുള്ള സംഘത്തില്‍പ്പെട്ടവര്‍ മരിക്കുമ്പോള്‍ അവരുടെ അസ്ഥി വലിയ മണ്‍കുടത്തിലാക്കി കുഴിച്ചിടുകയും അതിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന വീരക്കല്ലുകളും, മറ്റുള്ളവര്‍ മരിക്കുമ്പോള്‍ അവരുടെ അസ്ഥികള്‍ക്കൊപ്പം ആയുധങ്ങളും, ഇരുമ്പ്, ചെമ്പ്, സ്വര്‍ണ്ണം, ഭക്ഷണപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ വന്‍ മണ്‍പാത്രങ്ങളിലാക്കി കുഴിച്ചിടുന്ന നന്നങ്കാടികളും താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഗവേഷണവിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയിരുന്നു. ഇടുക്കിയിലെ പുരാവസ്തു ശേഖരണത്തില്‍ തല്‍പ്പരനും ഇടുക്കി ചരിത്രരേഖകള്‍ എന്ന ഗ്രന്ഥകര്‍ത്താവുമായ ടി. രാജേഷ്, എം.ഇ.എസ് കോളേജ് ഹിസ്റ്ററി വിഭാഗം തലവന്‍ പ്രഫ.വി.എം. സഫീര്‍, കോളേജിലെ എം.എ ഹിസ്റ്ററി, ബിഎ ഹിസ്റ്ററി വിഭാഗം വിദ്യാര്‍ത്ഥികളും ഈ ഗവേഷണപദ്ധതിയില്‍ പങ്കെടുത്തു.
