ജിദ്ദ: സൗദിയിലെ പൊതുമാപ്പില്‍ ദമ്മാമില്‍ മാത്രം ഇതുവരെ ലഭിച്ചത് ആയിരത്തി അഞ്ഞൂറോളം ഇന്ത്യക്കാരുടെ അപേക്ഷ. മലയാളികളുടെ എണ്ണം കുറവാണെന്ന് അധികൃതര്‍ അറിയിച്ചു. പൊതുമാപ്പ് പ്രഖ്യാപിച്ച ശേഷം ഇതുവരെ ദമ്മാമില്‍ ഇന്ത്യന്‍ എംബസി വിതരണം ചെയ്തത് 675 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളാണ്.

പൊതുമാപ്പിനോടനുബന്ധിച്ചു കിഴക്കന്‍ പ്രവിശ്യയിലെ എല്ലാ മുഖ്യധാരാ സംഘടനകളും തുടങ്ങിയ ഹെല്‍പ്‌ഡെസ്‌ക് എംബസിയുടെ പ്രവര്‍ത്തനത്തിനും സാധാരണക്കാര്‍ക്കും ഏറെ ഗുണകരമായി. നാട്ടിലേക്കു മടങ്ങാനായി എംബസിയെ സമീപിച്ചവരില്‍ ഏറ്റവും കൂടുതല്‍ ഹുറൂബില്‍ അകപ്പെട്ടവരാണ്.

കൂടുതലും ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ സ്വദേശികളാണ് പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നത്. പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കേണ്ടവര്‍ക്കു ഇടനിലക്കാരില്ലാതെ കൃത്യമായ സേവനം നല്കാന്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടില്‍ സഹായകമായി. പൊതുമാപ്പിന്റെ ആനുകൂല്യത്തിനായി അവസാന നിമിഷം വരെ കാത്തിരിക്കരുതെന്നും ദമ്മാം ഇന്ത്യന്‍ സ്കൂളിലെ എംബസി ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തന സമയം നാളെ മുതല്‍ ഉച്ചകഴിഞ്ഞു 2 മുതല്‍ 7 വരെ ആയിരിക്കുമെന്നും എംബസി അധികൃതര്‍ അറിയിച്ചു.