ടെസ്കാസ്: ഇർമ ചുഴലിക്കാറ്റ് ഫ്ലോറിഡയിലും സമീപസംസ്ഥാനങ്ങളിലും വൻനാശമുണ്ടാക്കുമെന്ന് അമേരിക്കൻ ഫെഡറല്‍ എമർജൻസി ഏജൻസിയുടെ മുന്നറിയിപ്പ്. കാറ്റ് ഇന്ന് അമേരിക്കൻ തീരത്തെത്തുമെന്നാണ് വിലയിരുത്തല്‍. ഹാർവി ചുഴലിക്കാറ്റിന് പിന്നാലെ അമേരിക്കൻ തീരത്ത് വീശിയടിക്കാനൊരുങ്ങുന്ന ഇർമയുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ സമാനതകളില്ലാത്തതാകുമെന്നാണ് വിദഗ്ദരുടെ നിഗമനം.

ഫ്ലോറിഡയില്‍ ദിവസങ്ങളോളും വൈദ്യുതി ഉണ്ടായിരിക്കില്ല,5 ലക്ഷത്തോളം പേരോട് ഇതിനോടകം സ്ഥലം വിട്ടുപോകാൻ ഫെഡറല്‍ എമർഡൻസി ഏജൻസി നിർദേശിച്ചു. കരീബീയൻ ദ്വീപസമൂഹങ്ങളില്‍ വീശിയതിനെ അപേക്ഷിച്ച് കാറ്റിന്‍റെ വേഗം കുറഞ്ഞിട്ടുണ്ട്. കാറ്റഗറി 4 ല്‍ ആണ് ഇ‍‍‍ർമ ഇപ്പോള്‍.

270 കിലോമീറ്ററിലധികം വേഗത്തില്‍ വീശുന്ന ഇർമ ഫ്ലോറിഡയിലും തെക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമായിരിക്കും ഏറ്റവും കൂടുതല്‍ നാശമുണ്ടാക്കുക .ക്യൂബ, ഡോമിനിക്കൻ റിപ്പബ്ലിക്ക്, ഹെയ്ത്തി, ബഹാമസിന്‍റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം,ബര്‍ബുഡാ ദ്വീപുകളിലും സെന്റ് മാര്‍ട്ടിനിലും കൊടുങ്കാറ്റിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 20 ആയി.