കഴിഞ്ഞ മാസം 20 നാണ് കർണാടക സ്വദേശി സരസുവിനെ വാടക വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്
കാസർഗോഡ്: വിദ്യാനഗറിൽ കർണാടക സ്വദേശിയായ യുവതിയെ വീടിനകത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പിടികൂടി. യുവതിയുടെ ഭർത്താവും കർണാടക ബൽഗാം സ്വദേശിയുമായ ചന്ദ്രുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 20 നാണ് കർണാടക സ്വദേശി സരസുവിനെ വാടക വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂട്ടിയിട്ട വീടിനകത്ത് പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവ ദിവസം മുതൽ കാണാതായ ചന്ദ്രുവിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. രണ്ടാഴ്ചക്കകം ഷിമോഗയിലെ തീർത്ഥഹള്ളിയിൽ നിന്നാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ. സരസുവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ചന്ദ്രു അറിഞ്ഞിരുന്നു. 17ആം തീയ്യതി രാത്രി രണ്ടു പേരും തർക്കമായി. ഇതിനിടയിൽ ചുമരിനിടിച്ചാണ് സരസു മരിച്ചത്.
18 ന് രാവിലെയാണ് മരണ വിവരം ചന്ദ്രു അറിയുന്നത്. റൂം വൃത്തിയാക്കി മൃതദേഹം പുതപ്പിൽ പൊതിഞ് പ്രതി മുങ്ങി. ചാരായ കടത്ത് കേസിലും ചന്ദ്രു ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
