മക്കളാരും വീട്ടിലില്ലാത്ത സമയത്താണ്് സംഭവം. കുടുംബകലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മറ്റൊരു വിവാഹം കഴിക്കാനുള്ള സണ്ണിയുടെ ശ്രമവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നത്രേ. ഉച്ചയോടെ ഭാര്യയുമായി വഴിക്കിട്ട സണ്ണി ലീനയുടെ കഴുത്തിലെ ഞരമ്പ് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. 

ലീനയുടെ കഴുത്തില്‍ 5 സെന്റീമീറ്ററോളം ആഴത്തിലുള്ള മുറിവുണ്ട്. കട്ടിലില്‍ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ വിവരം പുറത്തറിയാനും വൈകി. അയല്‍വാസികളടക്കമുള്ളവര്‍ എത്തുമ്പഴേക്കും മരണം സംഭവിച്ചിരുന്നു. 

സംഭവം നടക്കുമ്പോള്‍ ഇവരുടെ രണ്ട് മക്കളും സ്‌കൂളിലായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് കൈഞരമ്പ് മുറിച്ച സണ്ണിയെ ആശുപത്രിയിലാക്കിയത്. ചെറുകിട കച്ചവടക്കാരനാണ് സണ്ണി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.