കാന്‍പൂര്‍: സ്ത്രീധനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയുടെ നാവ് ഭര്‍ത്താവ് അറുത്തുമാറ്റി. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലെ ബാരാ മേഖലയിലാണ് സംഭവം.  യുവതിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ പൊലീസ് കേസ് എടുത്തു.

ഉത്തര്‍പ്രദേശ് പൊലീസ് സേനാംഗത്തിന്റെ മകന്‍ കൂടിയാണ് ഭാര്യയുടെ നാവ് വാക്ക് തര്‍ക്കത്തിനും മര്‍ദ്ദനത്തിനും അവസാനം മുറിച്ച് മാറ്റിയത്. സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയ്ക്ക് നേരെ ക്രൂരമായ ആക്രമണങ്ങളാണ് നടന്നിരുന്നത്. നവംബര്‍ ആറിന് ഭാര്യയുടെ നാവ് മുറിച്ച് കളഞ്ഞ ആകാശ് ഇവരെ മുറിയില്‍ അടച്ചിടുകയായിരുന്നു.

മകളുടെ വിവരമൊന്നും ലഭിക്കുന്നില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ആകാശിന്റെ വീട്ടിലെത്തിയ പൊലീസാണ് യുവതിയെ മോചിപ്പിക്കുന്നത്. വിവാഹം നിശ്ചയിച്ച സമയത്ത് ആവശ്യപ്പെട്ടതിലും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് യുവതിയുടെ വീട്ടുകാര്‍ പരാതിയില്‍ ആരോപിക്കുന്നു.

പൊലീസുമായി ബന്ധമുള്ള മരുമകനെതിരെ ദുര്‍ബലമായ കേസ് ചുമത്താനുള്ള ശ്രമത്തിലാണ് പൊലീസ് എന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കി. കാന്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ യുവതിയുടെ ചികില്‍സ പുരോഗമിക്കുകയാണ്.