സ്‌ത്രീധനം നൽകാത്തതിനാൽ യുവതിയെ മുത്തലാഖ് ചൊല്ലിയശേഷം ടെറസിൽനിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിൽസയിലാണ്. ഉത്തര്‍പ്രദേശിലെ ഹപുര്‍ ജില്ലയിലാണ് സംഭവം. മൂന്നു ലക്ഷം രൂപ സ്‌ത്രീധനമായി നൽകാത്തതിന്റെ പ്രതികാരത്തിലാണ് ഷാം മൊഹമ്മദ് എന്നയാള്‍ ഭാര്യയെ മുത്തലാഖിലൂടെ മൊഴിചൊല്ലുകയും, കെട്ടിടത്തിന്റെ ടെറസിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്താനും ശ്രമിച്ചത്. തലയ്‌ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ നര്‍ഗിസ് പര്‍വീണിനെ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷം മുമ്പായിരുന്നു ഷാം മൊഹമ്മദ്-നര്‍ഗിസ് പര്‍വീണ്‍ വിവാഹം നടന്നത്. ഇവര്‍ക്ക് മൂന്നു കുട്ടികളുണ്ട്. മൂന്നു ലക്ഷം രൂപ സ്‌ത്രീധനമായി ഷാം മൊഹമ്മദ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തികബുദ്ധിമുട്ട് കാരണം പര്‍വീണിന്റെ വീട്ടുകാര്‍ക്ക് ഇതു കൊടുക്കാനായില്ല. ഇതിന്റെ പേരിൽ ഷാം മൊഹമ്മദ് നിരന്തരം ഭാര്യയെ ഉപദ്രവിക്കുമായിരുന്നു.